petrol

 ഡീസലിന് നഷ്‌ടം 14 രൂപ

ന്യൂഡൽഹി: പെട്രോൾ ലിറ്ററിന് 10 രൂപയും ഡീസൽ 14 രൂപയും നഷ്‌ടത്തിൽ വിറ്റഴിക്കേണ്ടി വന്നതാണ് നടപ്പുവർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിലെ പ്രവർത്തനഫലത്തിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി) നഷ്‌ടം രേഖപ്പെടുത്താൻ കാരണമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് വ്യക്തമാക്കി. രണ്ടുവർഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ ഓയിൽ ത്രൈമാസനഷ്‌ടം കുറിച്ചത്.

1,992.53 കോടി രൂപയാണ് കഴിഞ്ഞപാദ നഷ്‌ടം. 2021ലെ സമാനപാദത്തിൽ 5,941.37 കോടി രൂപയും കഴിഞ്ഞ ജനുവരി-മാർച്ചിൽ 6,021.9 കോടി രൂപയും ലാഭം കുറിച്ചിരുന്നു. കേന്ദ്രം എക്‌സൈസ് നികുതി വെട്ടിക്കുറച്ചതോടെയാണ് കഴിഞ്ഞപാദത്തിൽ പെട്രോളും ഡീസലും നഷ്‌ടത്തിൽ വിറ്റഴിക്കേണ്ടിവന്നത്. ഇതിനിടെ രാജ്യാന്തര ക്രൂഡ് വില കൂടിയെങ്കിലും ആനുപാതികമായി വില ഉയർത്താൻ കഴിയാതിരുന്നതും ഇന്ത്യൻ ഓയിലിനും മറ്റ് പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ബി.പി.സി.എൽ., എച്ച്.പി.സി.എൽ എന്നിവയ്ക്കും തിരിച്ചടിയായി.

ബാരലിന് ശരാശരി 109 ഡോളർ നിരക്കിലാണ് കഴിഞ്ഞപാദത്തിൽ എണ്ണവിതരണ കമ്പനികൾ ക്രൂഡോയിൽ വാങ്ങിയത്. പമ്പുകളിലൂടെയുള്ള റീട്ടെയിൽ ഇന്ധനവില്പനയിലൂടെ തിരികെകിട്ടിയത് ബാരലിന് 85-86 ഡോളർ മാത്രം. കഴിഞ്ഞ 116 ദിവസമായി എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽവില പരിഷ്‌കരിച്ചിട്ടില്ല.