
ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. ഭാരോദ്വഹനത്തിൽ ജെറമി ലാൽറിന്നുംഗയാണ് സ്വർണം സ്വന്തമാക്കിയത്. 67 കിലോ വിഭാഗത്തിൽ ഗെയിംസ് റെക്കോർഡോട് കൂടിയാണ് ജെറമിയുടെ സ്വർണനേട്ടം.
സമോവയുടെ വൈഭവ നെവോ വെള്ളിയും നൈജീരിയയുടെ എഡിഡിയോംഗ് ജോസഫ് ഉമോഫിയ വെങ്കലവും സ്വന്തമാക്കി. യൂത്ത് ഒളിംപിക്സിലെ സ്വർണ മെഡൽ ജേതാവ് കൂടിയായ ഈ 19 കാരൻ ആകെ 300 കിലോ ഭാരമാണ് ഉയർത്തിയത്. കോമൺവെൽത്ത് ഗെയിംസിന്റെ 22-ാം പതിപ്പിൽ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്.
വനിതകളുടെ 49 കിലോഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവാണ് ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടിയത്. പുരുഷൻമാരുടെ 55 കിലോ ഗ്രാം വിഭാഗത്തിൽ സങ്കേത് സർഗർ വെള്ളി നേടിയപ്പോൾ 61കിലോഗ്രാം വിഭാഗത്തിൽ ഗുരുരാജ പൂജാരി വെങ്കലവും സ്വന്തമാക്കി.55 കിലോ ഗ്രാം വനിതാ വിഭാഗം ഭാരോദ്വഹനത്തിൽ ബിന്ധിയ റാണി ദേവി ഇന്ത്യയ്ക്കായി ഇന്ന് വെള്ളി മെഡൽ നേടിയിരുന്നു.