
ഗ്വാട്ടിമാല സിറ്റി : മദ്ധ്യമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയുടെ പ്രസിഡന്റ് അലെഹാൻഡ്രോ ജിയമറ്റെയുടെ സൈനിക സുരക്ഷാ വ്യൂഹത്തിന് നേരെ വെടിവയ്പ്. ജിയമറ്റെ സുരക്ഷിതനാണെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച മെക്സിക്കോ അതിർത്തിയ്ക്ക് സമീപമുള്ള വെവെറ്റ്‌നാങ്കോയിലെ ഒരു ഗ്രാമത്തിൽ വച്ചായിരുന്നു വെടിവയ്പ്.
കാറിലെത്തിയ അക്രമി സംഘം സൈനികർക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. സൈന്യവും തിരിച്ചടി നടത്തി. വെടിവയ്പ് നടന്ന സ്ഥലത്ത് നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെയായിരുന്നു ജിയമറ്റെയുടെ കാർ. ഇദ്ദേഹത്തെ ഉടൻ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
അക്രമി സംഘത്തിലെ ഒരാളെ സൈന്യം പിടികൂടി. കാലിന് വെടിയേറ്റ ഇയാൾ ചികിത്സയിലാണ്. മറ്റുള്ളവർ മെക്സിക്കൻ അതിർത്തി പ്രദേശത്തേക്ക് രക്ഷപ്പെട്ടു.
ജിയമറ്റെ അടുത്തിടെ യുക്രെയിൻ സന്ദർശിച്ചിരുന്നു. 12 വർഷത്തിനിടെ യുക്രെയിൻ സന്ദർശിക്കുന്ന ആദ്യ ലാറ്റിൻ അമേരിക്കൻ പ്രസിഡന്റാണ് ജിയമറ്റെ. യുക്രെയിൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ജിയമറ്റെ വിസ രഹിത യാത്രയ്ക്ക് യുക്രെയിനുമായി കരാർ ഒപ്പിട്ടിരുന്നു.