
മാഞ്ചസ്റ്റർ സിറ്റിയെ 3-1ന് തോൽപ്പിച്ചു
ലണ്ടൻ : ഇംഗ്ളണ്ടിലെ പുതിയ ഫുട്ബാൾ സീസണിന് മുന്നോടിയായി പ്രിമിയർ ലീഗിലെ ചാമ്പ്യൻന്മാരും എഫ്.എ കപ്പ് ചാമ്പ്യന്മാരും തമ്മിൽ നടന്ന കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിൽ വിജയം എഫ്.എ കപ്പ് ചാമ്പ്യന്മാരായ ലിവർപൂളിന്. ഒന്നിനെതിരെ മൂന്നുഗോളുകൾക്കാണ് എഫ്.എ കപ്പ് ജേതാക്കളായ ലിവർപൂൾ പ്രിമിയർ ലീഗ് ചാമ്പ്യന്മാരെ തകർത്തത്.
വെംബ്ളി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 21-ാം മിനിട്ടിൽ ട്രെന്റ് അലക്സാണ്ടർ അർനോൾഡിലൂടെ ലിവർപൂൾ മുന്നിലെത്തിയിരുന്നു. ആദ്യ പകുതിയിൽ ഈ ഗോളിന് ലിവർപൂൾ ലീഡ് ചെയ്തു.70-ാം മിനിട്ടിൽ ജൂലിയൻ അൽവാരസിലൂടെ സിറ്റി സമനില പിടിച്ചെങ്കിലും 83-ാം മിനിട്ടിൽ മുഹമ്മദ് സലാ ഒരു പെനാൽറ്റിയിലൂടെ ലിവർപൂളിനെ വീണ്ടും മുന്നിലെത്തിച്ചു. ഇൻജുറി ടൈമിന്റെ നാലാം മിനിട്ടിൽ ലിവർപൂളിന്റെ പുതിയ താരം ഡാർവിൻ ന്യൂനസാണ് വിജയം ആധികാരികമാക്കിയ ഗോൾ നേടിയത്.
ഈ സീസണിൽ ഏറെ പ്രതീക്ഷകളോടെ മാഞ്ചസ്റ്റർ സിറ്റി എത്തിച്ച എർലിംഗ് ഹാലൻഡ് കളിക്കാനിറങ്ങിയെങ്കിലും നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്.
16
ഇത് പതിനാറാം തവണയാണ് ലിവർപൂൾ കമ്മ്യൂണിറ്റി ഷീൽഡ് നേടുന്നത്.