bayern

മ്യൂണിക്ക് : ജർമ്മൻ ഫുട്ബാൾ സീസണിന് തുടക്കം കുറിച്ച് നടന്ന സൂപ്പർ കപ്പിൽ മുത്തമിട്ട് നിലവിലെ ബുണ്ടസ് ലിഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക്. മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് ആർ.ബി ലെയ്പ്സിംഗിനെ കീഴടക്കി ബയേൺ സ്വന്തമാക്കിയത് തങ്ങളുടെ പത്താം സൂപ്പർ കപ്പാണ്. തുടർച്ചയായ മൂന്നാം സീസണിലാണ് ബയേൺ സൂപ്പർ കപ്പ് നേടുന്നത്.

ജമാൽ മുസൈലയും (14-ാം മിനിട്ട്),സാഡിയോ മാനേയും (31),ബെഞ്ചമിൻ പൊവാഡും (45) നേടിയ ഗോളുകൾക്ക് ആദ്യ പകുതിയിൽ ബയേൺ ലീഡ് ചെയ്തു. 59-ാം മിനിട്ടിൽ മാഴ്സറ്റൽ ഹാസ്റ്റൻബർഗാണ് ലെയ്പ്സിംഗിന്റെ ആദ്യ ഗോൾ നേടിയത്. 65-ാം മിനിട്ടിൽ സെർജി ഗ്നാബ്രി ബയേണിന്റെ ലീഡ് 4-1ആയി ഉയർത്തി. 77-ാം മിനിട്ടിൽ ക്രിസ്റ്റഫർ എൻകുക്കു പെനാൽറ്റിയിലൂടെ ലെയ്പ്സിഗിന്റെ രണ്ടാം ഗോളും 89-ാം മിനിട്ടിൽ ഡാനി ഓൾമോ മൂന്നാം ഗോളും നേടി. ഇൻജുറി ടൈമിൽ ലെറോയ് സാനേയാണ് മ്യൂണിക്കിന്റെ അഞ്ചാം ഗോൾ നേടിയത്.