
ബസറ്ററെ : ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് നടക്കും. അഞ്ചുമത്സരപരമ്പരയിലെ ആദ്യ ട്വന്റി-20 യിൽ ഇന്ത്യ 68 റൺസിന് ജയിച്ചിരുന്നു. തറൗബയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് 190/6 എന്ന സ്കോർ ഉയർത്തിയശേഷം വിൻഡീസിനെ 122/8ൽ ഒതുക്കുകയായിരുന്നു ഇന്ത്യ.നായകൻ രോഹിത് ശർമ്മയുടെ ഓപ്പണിംഗും (44 പന്തുകളിൽ 64 റൺസ്) ദിനേഷ് കാർത്തിക്കിന്റെ ഫിനിഷിംഗുമായിരുന്നു (19 പന്തുകളിൽ 41 റൺസ് )ഇന്ത്യൻ ബാറ്റിംഗിന്റെ പ്ളസ് പോയിന്റ്. രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി അർഷ്ദീപ് സിംഗ്,അശ്വിൻ,രവി ബിഷ്ണോയ് എന്നിവരാണ് ഇന്ത്യൻ ബൗളിംഗിൽ തിളങ്ങിയത്.
ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളും തോറ്റശേഷം ട്വന്റി-20യ്ക്കിറങ്ങിയ വിൻഡീസ് ടീമിന് ഇനിയുള്ള മത്സരങ്ങൾ നിലനിൽപ്പിനായുള്ള പോരാട്ടമാണ്. ക്യാപ്ടൻ നിക്കോളാസ് പുരാൻ,ഷെമർ ബ്രൂക്സ്,ജാസൺ ഹോൾഡർ,റോവ്‌മാൻ പവൽ,ഷിമ്രോൺ ഹെറ്റ്മേയർ തുടങ്ങി ട്വന്റി-20 സ്പെഷ്യലിസ്റ്റുകൾ പലരുണ്ടെങ്കിലും ടീമെന്ന നിലയിൽ മുന്നേറാൻ കഴിയാത്തതാണ് ആതിഥേയരെ കുഴക്കുന്നത്.
8pm മുതൽ ഡി.ഡി സ്പോർട്സിൽ ലൈവ്. ഫാൻ കോഡ് ആപ്പിൽ ലൈവ് സ്ട്രീമിംഗ്.