
ശ്രീമദ് ഭാഗവതം ഭക്തികൊണ്ടറിയണം, ശ്രീമഹാഭാരതം യുക്തികൊണ്ടറിയണം, ശ്രീരാമായണമാകട്ടെ ഭക്തിയും യുക്തിയും വിഭക്തിയും കൊണ്ടറിയണം.
ഭക്ത്യാ ഭാഗവതം ജ്ഞേയം
യുക്ത്യാ ജ്ഞേയം ച ഭാരതം
ഭക്ത്യാ യുക്ത്യാ വിഭക്ത്യാ ച
ജ്ഞേയം രാമായണം ബുധൈ:
നവഗ്രഹങ്ങൾക്കും വിധേയനായിരുന്നു ശ്രീരാമൻ. ഏതൊരു മനുഷ്യനും (ഭൂമിയിൽ പിറന്ന മനുഷ്യാകൃതിപൂണ്ട ദേവചൈതന്യമാകിലും) നവഗ്രഹങ്ങൾക്കു വിധേയമായിരിക്കണം. കാലത്തെ അതിജീവിച്ച പരംപൊരുൾതന്നെ രാമനായി അവതരിച്ച് മനുഷ്യർ എങ്ങനെ ധർമ്മാചരണശുദ്ധരായി അച്ചടക്കവും സത്യസന്ധതയും പാലിച്ച് ജീവിക്കണം, എന്നതിന് മാതൃകയായി.
ശ്രീരാമനെ നവഗ്രഹങ്ങൾ എങ്ങനെയാണ് സ്വാധീനിച്ചതെന്ന് രാമായണത്തിലുടനീളം കാണാം. ആരുടെയും മനസ്സിനോട് രമിക്കുന്നവനാണ് രാമൻ. ആരുമായും രഞ്ജിക്കുന്നവനും മറ്റുള്ളവരെ ധർമ്മബോധം കൊണ്ട് രഞ്ജിപ്പിക്കുന്നവനുമാണ്. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന് ശ്വാക്കളും ഗോക്കളും, ഉന്നത നീചഭാവമില്ലാത്തതും, ശത്രുമിത്രോദാസീനഭേദമില്ലാത്തതും.
രാമായണത്തിലെ ആദർശസമവാക്യങ്ങൾ വർത്തമാനകാല പ്രച്ഛന്നവേഷങ്ങളുടെ മുന്നിൽ അദ്ഭുതാദരങ്ങളോടു കൂടി മാത്രമേ കാണാൻ കഴിയൂ. അതുകൊണ്ടാണ് തത്വചിന്താപരമായ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണവും, കാളിദാസന്റെ രഘുവംശവും ഭവഭൂതിയുടെ ഉത്തരരാമചരിതവും, ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണിയും, കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടവുമെല്ലാം രാമായണത്തിലൂടെ കടന്നുപോകുന്നത്. അതിനെല്ലാം മൂലമായ ആദികവിയുടെ വീരോചിത വിരചിതകാവ്യത്തിലൂടെയുള്ള വിജ്ഞാന ജ്ഞാന അയനങ്ങൾ എവിടെയും പ്രകീർത്തിതമാകുന്നത് !
ശ്രീരാമസമേതനായി വനഗഹ്വരത്തിലേക്കുപുറപ്പെടുന്ന ലക്ഷ്മണന് മാതാവായ സുമിത്ര നൽകുന്ന ഉദാത്തമായ ഒരുപദേശമുണ്ട്:
'രാമനെ ദശരഥനെപ്പോലെ കണ്ടുകൊള്ളുക. സീതയെ എന്നെപ്പോലെ ( അമ്മയെപ്പോലെ ) കരുതിക്കൊള്ളുക. വനം അയോദ്ധ്യയെന്നു കരുതുക. സുഖമാംവിധം മുന്നോട്ടുപോവുക (പോയ് വരിക)."
ശ്രീരാമ സീതാലക്ഷ്മണന്മാർ പരബ്രഹ്മം, യോഗമായ,ശേഷൻ എന്നിവരുടെ അവതാരങ്ങളെന്നാണ്. ആരാണ് രാമനെന്നറിയാൻ രാമരാവണ യുദ്ധരംഗത്തെ ശ്രീരാമനെക്കണ്ടാൽ മതി. പലതരത്തിലും പലർ മുഖേനയുമുള്ള ഉപദേശസാരങ്ങളെല്ലാം തീർത്തും നിഷ്പ്രയോജനമെന്നുവന്ന സാഹചര്യത്തിലാണ് രാവണനോട് ശ്രീരാമൻ ഏറ്റുമുട്ടുന്നത്. യുദ്ധത്തിൽ പരിക്ഷീണനായി തേരും കുതിരയും നഷ്ടപ്പെട്ട് ഇതികർത്തവ്യതാമൂഢനായിരിക്കുന്ന രാവണനോട്,ആ യുദ്ധചാതുരിയെ പ്രശംസിച്ചും മറ്റും ആദരപൂർവം സംസാരിക്കുന്ന ശ്രീരാമൻ, തന്നോട് നിരായുധനായി യുദ്ധത്തിനുനിൽക്കാതെ കൂട്ടത്തിൽ മടങ്ങിപ്പോയി രാജകീയമായി അടുത്തദിവസം വീണ്ടും വരാൻ ഉപദേശിച്ചു വിടുകയാണുണ്ടായത്. അതാണ് ശ്രീരാമ ധർമ്മം. അതാണ് പണ്ടുമുതലേ ഭാരതീയധർമ്മവും. ധർമ്മത്തിന് എവിടെ ഗ്ലാനി സംഭവിക്കുന്നുവോ അവിടെ അധർമ്മം തലപൊക്കും. ധർമ്മത്തെ മുറുകെപ്പിടിക്കുമ്പോഴാണ് ഹൃദയം പവിത്രമാകുന്നത്.