partha-chatterjee

കൊൽക്കത്ത: പശ്ചിമബംഗാളിൽ അദ്ധ്യാപക നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ നടിയും സുഹൃത്തുമായ അർപ്പിത മുഖർജിയുടെ ഫ്ളാറ്റിൽ നിന്നും കണ്ടെടുത്ത പണം തന്റേതല്ലെന്ന് അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി പാർത്ഥ ചാറ്റർജി ആവർത്തിച്ചു. പണം ആരുടേതാണെന്ന് കാലം തെളിയിക്കുമെന്നും പാർത്ഥ പറഞ്ഞു.

വൈദ്യപരിശോധനയ്ക്കായി ജോക്കയിലെ ഇ.എസ്.ഐ ആശുപത്രിയിലെത്തിയപ്പോൾ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എനിക്കെതിരെ ശക്തമായ ഗൂഢാലോചന നടന്നു. പാർട്ടിയിൽ നിന്നും തന്നെ സസ്‌പെൻഡ് ചെയ്ത തൃണമൂൽ കോൺഗ്രസിന്റെ തീരുമാനം കേസിന്റെ നിഷ്പക്ഷമായ അന്വേഷണത്തെ സ്വാധീനിച്ചേക്കാമെന്നും പാർത്ഥ ചാറ്റർജി പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് എസ്.എസ്.സി റിക്രൂട്ട്‌മെന്റ് അഴിമതിക്കേസിൽ പാർത്ഥ ചാറ്റർജിയെ ഇ.ഡി അറസ്റ്റു ചെയ്തത്. അറസ്റ്റിന് പിന്നാലെ മന്ത്രി സ്ഥാനത്തു നിന്നും പാർട്ടി ചുമതലകളിൽ നിന്നും അദ്ദേഹത്തെ പുറത്താക്കി. ഫ്ളാറ്റുകളിൽ നിന്ന് കോടിക്കണക്കിന് പണം കണ്ടെത്തിയതിനെ തുടർന്ന് പാർത്ഥ ചാറ്റർജിയുടെ അടുത്ത സുഹൃത്തും നടിയും മോഡലുമായ അർപിത മുഖർജിയെയും ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും ഉത്തരവാദി പാർത്ഥ ചാറ്റർജി മാത്രമാണെന്നും തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു.