
ബലൂചിസ്ഥാൻ: പാകിസ്ഥാനിൽ ഫുട്ബാൾ മത്സരം നടക്കുന്നതിനിടെ സ്റ്റേഡിയത്തിന് സമീപം ബോംബ് സ്ഫോടനം. ബലൂചിസ്ഥാനിലെ ടർബാത്ത് ഫുട്ബാൾ സ്റ്റേഡിയത്തിനരികിലാണ് സ്ഫോടനം നടന്നത്. സ്റ്റേഡിയത്തിന് സമീപമുള്ള പാർക്കിംഗ് സ്ഥലത്ത് വച്ചിരുന്ന ബൈക്കിൽ ഘടിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു,
അതേസമയം സ്റ്റേഡിയത്തിനകത്ത് മത്സരം കണ്ടുകൊണ്ടിരുന്ന എല്ലാവരും സുരക്ഷിതരാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. സ്ഫോടനത്തിൽ പാർക്കിംഗ് സ്ഥലത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾ തകർന്നു.. സംഭവത്തിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഐസിസ് ഭീകരരാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം.
അടുത്തിടെ പാകിസ്ഥാന്റെ അയൽരാജ്യമായ അഫ്ഗാനിസ്ഥാനിലും സമാന രീതിയിലുള്ള സ്ഫോടനം നടന്നിരുന്നു. കാബൂളിൽ വച്ച് ഒരു ടി ട്വന്റി ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെ സ്റ്റേഡിയത്തിനുള്ളിൽ വച്ചായിരുന്നു സ്ഫോടനം നടന്നത്.