robot

ന്യൂയോർക്ക് : കടലിന്റെ അടിത്തട്ടിൽ മനുഷ്യർക്ക് എത്തിപ്പെടാനാകാത്ത ഇടങ്ങളിലുള്ള കപ്പൽ, വിമാന അവശിഷ്ടങ്ങൾ കണ്ടെത്താൻ കഴിവുള്ള ഹ്യൂമനോയിഡ് റോബോട്ടിന് ( മനുഷ്യ രൂപത്തിൽ നിർമ്മിച്ച റോബോട്ട് ) രൂപം നൽകി കാലിഫോർണിയയിലെ സ്റ്റാൻഫഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ.

ഓഷൻവൺ കെ ( OceanOneK ) എന്ന് പേരിട്ടിരിക്കുന്ന ഈ റോബോട്ടിനെ വിദൂരത്ത് നിന്ന് നിയന്ത്രിക്കാനാകും. റോബോട്ടിനെ നിയന്ത്രിക്കുന്നയാൾ ' വെർച്വൽ ഡൈവർ " എന്നാണ് അറിയപ്പെടുക. കടലിനടിയിൽ സ്വയം പര്യവേക്ഷണം നടത്തുന്ന പോലൊരു വെർച്വൽ പ്രതീതീയാണ് നിയന്ത്രിക്കുന്ന ആൾക്ക് ലഭിക്കുക. ശേഖരിക്കുന്ന വിവരങ്ങൾ യഥാസമയം റോബോട്ട് കൈമാറുകയും ചെയ്യും.

റോബോട്ടിന്റെ കൃത്രിമ കൈകളിൽ പ്രത്യേക സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. സ്റ്റീരിയോസ്കോപ്പിക്ക് വിഷൻ സാദ്ധ്യമാക്കുന്ന രണ്ട് കണ്ണുകളും ഈ റോബോട്ട് മനുഷ്യനുണ്ട്. ഇവ കമ്പ്യൂട്ടർ ശൃംഖലകളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. റോബോട്ട് തന്റെ കൈയ്യിൽ ഒരു വസ്തുവിനെ എടുത്താൻ കൈകളിൽ ഘടിപ്പിച്ചിരിക്കുന്ന ഫോഴ്സ് സെൻസറുകൾ വഴി അതിന്റെ ഭാരം നിയന്ത്രിക്കുന്നവർക്ക് അറിയാൻ സാധിക്കും. കടലിനടിയിലെ മർദ്ദത്തെ ഈ റോബോട്ടിന് അതിജീവിക്കാനാകും.

കഴിഞ്ഞ സെപ്റ്റംബർ മുതൽ കടലിനടിയിൽ പരീക്ഷണങ്ങൾ ആരംഭിച്ച ഓഷൻവൺ കെ ഇതുവരെ നാല് കപ്പൽ അവശിഷ്ടങ്ങളിലും ഒരു വിമാന ശേഷിപ്പിലും പര്യവേക്ഷണം നടത്തി. കടലിലെ അപകടങ്ങളിൽ തിരച്ചിൽ നടത്താനും മറ്റും ഓഷൻവൺ കെയെ ഉപയോഗപ്പെടുത്തിയേക്കാമെന്നാണ് പ്രതീക്ഷ.