
കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ ൽ ഇന്ത്യ എട്ടുവിക്കറ്റിന് പാകിസ്ഥാനെ തോൽപ്പിച്ചു
ബർമിംഗ്ഹാം : ആരാധകർ ആവേശത്തോടെ കാത്തിരുന്ന കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യ- പാകിസ്ഥാൻ വനിതാ ട്വന്റി -20 ക്രിക്കറ്റ് മത്സരത്തിൽ എട്ടുവിക്കറ്റ് വിജയം നേടി ഇന്ത്യ. ആദ്യ മത്സരത്തിൽ ആസ്ട്രേലിയയോട് തോറ്റിരുന്ന ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് വീണ്ടും തിളക്കം പകർന്നിരിക്കുകയാണ് ഈ വിജയം.
ഇന്നലെ മഴമൂലം 18ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ 99 റൺസിൽ ആൾഒൺട്ടാക്കിയ ശേഷം 11.4ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ വിജയം കാണുകയായിരുന്നു ഹർമൻ പ്രീത് കൗറും കൂട്ടരും.
രണ്ട് വിക്കറ്റ് വീതം നേടിയ സ്നേഹ് റാണ,രാധാ യാദവ് ,ഓരോ വിക്കറ്റ് നേടിയ രേണുക സിംഗ്,മേഘ്ന സിംഗ്,ഷെഫാലി വെർമ എന്നിവർ ചേർന്നാണ് പാകിസ്ഥാനെ നൂറു കടക്കാതെ ചുരുട്ടിയത്.മൂന്ന് പാക് ബാറ്റർമാർ റൗൺഒൗട്ടാവുകയും ചെയ്തു. 32 റൺസ് നേടിയ ഓപ്പണർ മുനീബ അലി മാത്രമാണ് പാക് നിരയിൽ പിടിച്ചുനിന്നത്.
മറുപടിക്കിറങ്ങിയ ഇന്ത്യയ്ക്ക് വേണ്ടി ഉപനായിക സ്‌മൃതി മന്ഥാന 63 റൺസുമായി പുറത്താകാതെ നിന്നു.43 പന്തുകൾ നേരിട്ട സ്‌മൃതി എട്ടുഫോറും മൂന്ന് സിക്സും പായിച്ചു. ഷെഫാലി (16), മേഘ്ന (14) എന്നിവരുടെ വിക്കറ്റുകൾ മാത്രമാണ് ഇന്ത്യയ്ക്ക് നഷ്‌ടമായത്.
മൂന്നാംതീയതി ബാർബഡോസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.