
പ്രസന്നമായ മുഖം .ചിരി തൂവിയുള്ള സംഭാഷണം. വലിയ വാർത്താസംഭവങ്ങൾ ഉണ്ടായാലും ടെൻഷനില്ലാതെ പത്രം ആസൂത്രണം ചെയ്യാനുള്ള വൈഭവം.-ആർ.ഗോപീകൃഷ്ണനെന്ന പ്രതിഭാശാലിയായ മാധ്യമ പ്രവർത്തകന് എത്ര വിശേഷണങ്ങൾ നൽകിയാലും അധികമാവില്ല. ഒരിക്കലും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല.ന്യൂസ് റൂമിൽ അദ്ദേഹമുണ്ടെങ്കിൽ ഒരു പോസിറ്റീവ് എനർജിയാണ്. സഹപ്രവർത്തകരെ ടീമായി കോർത്തിണക്കുന്നതിലും ,ബ്യൂറോകളിലെ ലേഖകരെ മികച്ച റിപ്പോർട്ടുകൾക്കായി അലർട്ട് ചെയ്യുന്നതിലും സവിശേഷമായ പ്രാഗത്ഭ്യം പ്രകടമാക്കിയിരുന്നു .
1980 കൾ മലയാള പത്രപ്രവർത്തനത്തിന് സമ്മാനിച്ച മികച്ച പത്രപ്രവർത്തകരുടെ മുൻനിരയിലാണ് ഗോപീകൃഷ്ണന്റെ സ്ഥാനം .സ്പോർട്സിൽ അതീവ തത്പ്പരനായിരുന്നതിനാൽ അദ്ദേഹത്തിന്റെ തുടക്കം സ്പോർട്സ് ജേണലിസത്തിലായിരുന്നു.ക്രിക്കറ്റ് താരം സുനിൽ ഗാവസ്ക്കർ കേരളത്തിൽ വന്നപ്പോൾ ഒരു പ്രദർശന മത്സരത്തിൽ പങ്കെടുത്തു. നിശ്ചിത ഓവർ വീതം അദ്ദേഹം രണ്ട് ടീമിലും കളിച്ചു.അന്ന് ഗോപീകൃഷ്ണൻ ആ വാർത്തയ്ക്കിട്ട തലക്കെട്ട് ' ജയിക്കാനും തോൽക്കാനും
ഗാവസ്ക്കർ 'എന്നായിരുന്നു.വാർത്തകൾ എഡിറ്റ് ചെയ്ത് ആകർഷകമായ തലക്കെട്ടിടാനും മിടുക്കനായിരുന്നു.
ഏത് വിഷയവും നന്നായി വഴങ്ങുമെന്നതിനാൽ പ്രവർത്തിച്ച എല്ലാ സ്ഥാപനത്തിലും ഗോപീകൃഷ്ണൻ അവിഭാജ്യ ഘടകമായി.പത്രവിന്യാസത്തിലും മിടുക്കനായിരുന്നു. രാജീവ്ഗാന്ധി മരിച്ച ദിവസം ഗോപീകൃഷ്ണൻ ലേ ഒൗട്ട് നിർവഹിച്ച പത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാഷ്ട്രീയ കാര്യങ്ങളിലും ,സംഗീതത്തിലും ,ശാസ്ത്ര വിഷയങ്ങളിലുമൊക്കെ നല്ല അവഗാഹമായിരുന്നു. സൗന്ദര്യമാർന്നതും ലളിതവുമായ ഭാഷയുടെ ഉടമയായിരുന്നു .വായനക്കാരെ പിടിച്ചിരുത്തുന്ന ശൈലിക്കുടമയായിരുന്നു. ശ്രീലങ്കയിലെ എൽ.ടി.ടി.ഇ പ്രശ്നത്തെക്കുറിച്ച് പുലിപ്രഭാകരനുമായി നടത്തിയ അഭിമുഖത്തോടൊപ്പം ഗോപീകൃഷ്ണൻ എഴുതിയ വാർത്താ പരമ്പര സംസ്ഥാന അവാർഡ് കരസ്ഥമാക്കി.രണ്ടുതവണ സംസ്ഥാന അവാർഡിന് അർഹനായ ഗോപീകൃഷ്ണനെ തേടി അനവധി പുരസ്ക്കാരങ്ങൾ എത്തി. ഗോപീകൃഷ്ണന്റെ ജേണലിസം ക്ളാസുകൾ വിദ്യാർത്ഥികൾക്കെന്നല്ല പത്രപ്രവർത്തകർക്കും ഏറെ ഗുണകരമായിരുന്നു.
യുവ പത്രപ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിലും അവരുടെ കഴിവുകൾ കണ്ടെത്തുന്നതിലും ഗോപീകൃഷ്ണന് ഒരു പ്രത്യേക സമീപനരീതിയുണ്ടായിരുന്നു. പ്രകടനപരതയില്ലാതെ നിശബ്ദമായിട്ടാണ് ആ ദൗത്യം അദ്ദേഹം നിർവഹിച്ചിരുന്നത്. പല പത്രമോഫീസുകളിലും അദ്ദേഹത്തിൽനിന്ന് പരിശീലനം ലഭിച്ചിട്ടുള്ള പത്രപ്രവർത്തകരുടെ നിര തന്നെയുണ്ട്. .വിപുലമായ സൗഹൃദങ്ങളും അദ്ദേഹത്തിനുണ്ടായിരുന്നു.രാഷ്ട്രീയ നേതാക്കളുമായും, ഗായകൻ യേശുദാസ് അടക്കമുള്ള കലാകാരൻമാരുമായും ബന്ധം പുലർത്തി.കേരളകൗമുദി കൊച്ചിയിൽ സംഗീതജ്ഞൻ എം.കെ.അർജ്ജുനനെ ആദരിച്ച ചടങ്ങിൽ ഗോപീകൃഷ്ണൻ മുൻകൈയ്യെടുത്തായിരുന്നു ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യത്തെ കൊണ്ടുവന്നത് .
സൗഹൃദങ്ങളെ വ്യക്തിപരമായ നേട്ടങ്ങൾക്കായി ഒരിക്കലും ഉപയോഗിച്ചിരുന്നില്ല.എങ്ങും ഇടിച്ചുകയറിയതുമില്ല.ദീപികയിലായിരുന്നു പത്രപ്രവർത്തകനായുള്ള തുടക്കം.തുടർന്ന് മംഗളം ദിനപത്രമാരംഭിച്ചപ്പോൾ അതിന്റെ ചീഫ് ന്യൂസ് എഡിറ്ററായി. മംഗളത്തിന്റെ ഡൽഹി ലേഖകനായി പ്രവർത്തിക്കുമ്പോഴാണ് കേരളകൗമുദിയിലേക്ക് വന്നത്. കേരളകൗമുദിയുടെ ഡെപ്യൂട്ടി എഡിറ്ററായ അദ്ദേഹം കോട്ടയം,കൊച്ചി യൂണിറ്റുകളുടെ മേധാവിയായും സേവനമനുഷ്ഠിച്ചു. കേരളകൗമുദിയിൽ നിന്ന് വിരമിച്ച ശേഷം മെട്രോവാർത്തയുടെ ചീഫ് എഡിറ്ററായി പ്രവർത്തിച്ചു വരുകയായിരുന്നു.അപ്രതീക്ഷിതമാണ് അറുപത്തിയേഴാം വയസിലുള്ള ഗോപീകൃഷ്ണന്റെ മടക്കയാത്ര.ഒപ്പം പ്രവർത്തിച്ചവർക്ക് മാത്രമല്ല ഒരിക്കൽ പരിചയപ്പെട്ട ആർക്കും താങ്ങാനാവുന്നതല്ല ആ വേർപാട്.