
കോമൺവെൽത്ത് ഗെയിംസ് വെയ്റ്റ് ലിഫ്റ്റിംഗിൽ ജെറമി ലാൽറിന്നുങ്കയ്ക്ക് സ്വർണം
ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസ് പുരുഷ വിഭാഗം വെയ്റ്റ് ലിഫ്റ്റിംഗിൽ പൊന്നുയർത്തി ഇന്ത്യൻ കൗമാരതാരം ജെറമി ലാൽറിന്നുങ്ക. ഇന്നലെ 67 കിലോഗ്രാം വിഭാഗത്തിൽ 300 കിലോ ഉയർത്തിയാണ് 19കാരനായ ജെറമി സ്വർണം സ്വന്തമാക്കിയത്. സ്നാച്ചിൽ 140കിലോ ഉയർത്തി ഗെയിംസ് റെക്കാഡിട്ട ജെറമിക്ക് ക്ളീൻ ആൻഡ് ജെർക്കിലെ മൂന്നാം ശ്രമത്തിനിടെ പരിക്കേറ്റത് സ്വർണനേട്ടത്തെ ബാധിച്ചില്ല.
ബർമിംഗ്ഹാം ഗെയിംസിലെ ഇന്ത്യയുടെ രണ്ടാമത്തെ സ്വർണവും അഞ്ചാമത്തെ മെഡലുമാണിത്.
വെയ്റ്റ് ലിഫ്റ്റിംഗിൽ നിന്നുതന്നെയാണ് അഞ്ചുമെഡലുകളും ഇന്ത്യ നേടിയത്.
വനിതാ ക്രിക്കറ്റിൽ ഇന്ത്യ എട്ടുവിക്കറ്റിന് ചിരവൈരികളായ പാകിസ്ഥാനെ തോൽപ്പിച്ചു.
വനിതാ ബോക്സിംഗിൽ ലോക ചാമ്പ്യൻ നിഖാത്ത് സരിൻ ക്വാർട്ടറിലെത്തിയപ്പോൾ
പുരുഷ താരം ശിവ ഥാപ്പ പ്രീ ക്വാർട്ടറിൽ പുറത്തായി.
ടേബിൾ ടെന്നിസിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ പുരുഷ ടീം സെമിയിലെത്തി.
50 മീറ്റർ ബാക്ക് സ്ട്രോക്ക് നീന്തലിൽ ശ്രീഹരി നടരാജും സെമിയിലെത്തി.
സ്ക്വാഷിൽ ജോഷ്ന ചിന്നപ്പ ക്വാർട്ടറിലെത്തിയിട്ടുണ്ട്.