
കോഴിക്കോട്:ദേശീയ സിനിമ അവാർഡ് നിർണയം ക്രൂര വിനോദമായെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യയുടെ (കേരളം) ജോൺ എബ്രഹാം പുരസ്കാര സമർപ്പണവും '' ചെലവൂർ വേണു ജീവിതകാലം " ഡോക്യുമെന്ററി പ്രകാശനവും കെ.പി.കേശവമേനോൻ ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. തട്ടുപൊളിപ്പൻ സിനിമകൾക്കു ലഭിക്കുന്ന അവാർഡിന്റെ മാനദണ്ഡം വ്യക്തമാകുന്നില്ല.ജൂറിയ്ക്ക് സിനിമ മനസിലാവാത്തത് കൊണ്ടാണ് നല്ല സിനിമയ്ക്ക് അവാർഡ് ലഭിക്കാത്തതെന്നും ജൂറി മികച്ചതാവുമ്പോൾ അവാർഡ് നിർണയവും മികച്ചതാവുമെന്ന് അടൂർ പറഞ്ഞു.'കെഞ്ചിര'യുടെ സംവിധായകൻ മനോജ് കാന, '1956 മദ്ധ്യതിരുവിതാംകൂർ' സംവിധായകൻ ഡോൺ പാലത്തറ, 'അവനോവിലോന' സംവിധായകരായ ഷെറി ഗോവിന്ദൻ, ടി.ദീപേഷ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി. ഫിപ്രെസ്കിയുടെ സമഗ്ര സംഭാവനയ്ക്കുള്ള സത്യജിത് റായി പുരസ്കാരം നേടിയ ഐ. ഷൺമുഖദാസ്, ചലച്ചിത്ര നിരൂപണത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ കെ.സി.ജിതിൻ, ഡോക്യുമെന്ററി സംവിധായകൻ ജയൻ മങ്ങാട് എന്നിവരെ ആദരിച്ചു.ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യ ദേശീയ സെക്രട്ടറി വി.കെ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് ചെലവൂർ വേണു, റീജിയണൽ സെക്രട്ടറി കെ.ജി.മോഹൻകുമാർ, സംസ്ഥാന ചലച്ചിത്ര അക്കാഡമി സെക്രട്ടറി സി.അജോയ് ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.