ukraine

കീവ് : തെക്കൻ യുക്രെയിൻ നഗരമായ മൈക്കലൈവിൽ ശക്തമായ റഷ്യൻ ആക്രമണം. ഒരാൾ കൊല്ലപ്പെട്ടെന്നാണ് വിവരം. ഇന്നലെ പുലർച്ചെ മുതൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ സ്ഫോടനമുണ്ടായി. തെക്കൻ നഗരമായ നികോപോളിലെ ജനവാസ കേന്ദ്രങ്ങളിലും റഷ്യ ഷെല്ലാക്രമണം ശക്തമാക്കി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഖേഴ്സൺ ഉൾപ്പെടെയുള്ള തെക്കൻ മേഖലകളിൽ 100 ലേറെ റഷ്യൻ സൈനികരെ വധിച്ചെന്ന് കഴിഞ്ഞ ദിവസം യുക്രെയിൻ അവകാശപ്പെട്ടതിന് പിന്നാലെയാണ് റഷ്യയുടെ ആക്രമണം.

ഇതിനിടെ, യുക്രെയിനിലെ ഏറ്റവും വലിയ കാർഷിക കമ്പനികളിലൊന്നായ ' നിബുലോണി"ന്റെ സ്ഥാപകനും ഉടമയുമായ ഒലെക്സി വഡാറ്റർസ്‌കിയും ഭാര്യയും മൈക്കലൈവിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഗവർണർ വിറ്റാലി കിം അറിയിച്ചു. ഇന്നലെ പുലർച്ചെ ഇവരുടെ വീടിന് നേരെ ഷെല്ലാക്രമണമുണ്ടാവുകയായിരുന്നു.

ഗോതമ്പ്, ബാർലി, ചോളം എന്നിവയുടെ ഉത്പാദനവും കയറ്റുമതിയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയാണ് മൈക്കലൈവ് ആസ്ഥാനമായുള്ള നിബുലോൺ. കമ്പനിയ്ക്ക് സ്വന്തമായി കപ്പലുകളും കപ്പൽശാലയുമുണ്ട്. യുക്രെയിനിലെ ധാന്യക്കയറ്റുമതിയിൽ മുൻനിരയിലുള്ള കമ്പനിയാണ് നിബുലോൺ. ഒലെക്സി വഡാറ്റർസ്‌കിയുടെ മരണത്തിൽ യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി അനുശോചനം രേഖപ്പെടുത്തി.

അതേ സമയം, യുക്രെയിനിൽ നിന്ന് ധാന്യങ്ങളും വഹിച്ചുള്ള ആദ്യ കപ്പൽ ഇന്ന് ഒഡേസയിൽ നിന്ന് പുറപ്പെട്ടേക്കുമെന്ന് സൂചനയുണ്ട്. വെള്ളിയാഴ്ച സ്ഫോടനം നടന്ന ഡൊണെസ്കിലെ ഒലെനിവ്‌കയിലെ ജയിൽ ഇതുവരെ സന്ദർശിക്കാനായില്ലെന്ന് അന്താരാഷ്ട്ര റെഡ് ക്രോസ് അറിയിച്ചു.

റഷ്യൻ അനുകൂല വിമതരുടെ നിയന്ത്രണത്തിൽ യുക്രെയിൻ യുദ്ധത്തടവുകാരെ പാർപ്പിച്ചിരുന്ന ജയിലിൽ യു.എസ് നിർമ്മിത ഹിമാർസ് മിസൈൽ സിസ്റ്റം ഉപയോഗിച്ച് യുക്രെയിൻ ആക്രമണം നടത്തിയെന്നാണ് റഷ്യൻ ആരോപണം.

റഷ്യയാണ് ആക്രമണം നടത്തിയതെന്ന് യുക്രെയിനും പറയുന്നു. റെഡ് ക്രോസിനേയും ഐക്യരാഷ്ട്ര സംഘടനയേയും ജയിൽ സന്ദർശിക്കാൻ ക്ഷണിച്ചെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം. 53 യുദ്ധത്തടവുകാരാണ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടത്.

 യു.എസ് പ്രധാന ഭീഷണി : പുട്ടിൻ

റഷ്യയുടെ പ്രധാന ഭീഷണി യു.എസ് ആണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. റഷ്യൻ നേവി ദിനമായ ഇന്നലെ സെന്റ് പീറ്റേഴ്സ്‌ബർഗിൽ വച്ച് യു.എസിനേയും നാറ്റോയേയും റഷ്യയുടെ സുരക്ഷയ്ക്ക് പ്രധാന വെല്ലുവിളിയായി കണക്കാക്കുന്ന നയത്തിൽ പുട്ടിൻ ഒപ്പുവച്ചു. ഏതാനും മാസങ്ങൾക്കുള്ളിൽ പുതിയ സിർക്കോൺ ഹൈപ്പർസോണിക് മിസൈലുകൾ നേവിയ്ക്ക് കൈമാറുമെന്നും പുട്ടിൻ പറഞ്ഞു.

അതേ സമയം, ക്രൈമിയയിലെ റഷ്യൻ നേവിയുടെ കരിങ്കടൽ ഫ്ലീറ്റ് ആസ്ഥാനത്തുണ്ടായ ഡ്രോൺ ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. തങ്ങൾ ഡ്രോൺ ആക്രമണം നടത്തിയിട്ടില്ലെന്ന് യുക്രെയിൻ പ്രതികരിച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇവിടെ നടത്താനിരുന്ന നേവി ദിന പരിപാടികൾ റദ്ദാക്കി.