
ലണ്ടൻ : ബ്രിട്ടണിലെ ചാൾസ് രാജകുമാരൻ തന്റെ ജീവകാരുണ്യ സംഘടനയായ പ്രിൻസ് ഒഫ് വെയ്‌ൽസ് ചാരിറ്റബിൾ ഫണ്ടിലേക്ക് അൽ ക്വയ്ദ തലവനായിരുന്ന ഒസാമ ബിൻ ലാദന്റെ കുടുംബം നൽകിയ പത്ത് ലക്ഷം പൗണ്ട് സംഭാവന സ്വീകരിച്ചതായി റിപ്പോർട്ടുകൾ.
ബിൻ ലാദന്റെ അർദ്ധ സഹോദരൻ ബക്കർ ബിൻ ലാദനിൽ നിന്ന് 2013 ലാണ് പണം സ്വീകരിച്ചതെന്നും ചാൾസും ബക്കറും ലണ്ടനിൽ കൂടിക്കാഴ്ച നടത്തിയെന്നും ഒരു ബ്രിട്ടീഷ് മാദ്ധ്യമത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ജീവകാരുണ്യ സംഘടനയിലെ ചില ഉപദേഷ്ടാക്കൾക്ക് ഇതിനോട് എതിർപ്പുണ്ടായിരുന്നു.
എന്നാൽ, ബക്കറിന് സഹോദരൻ ബിൻ ലാദനുമായി നേരിട്ട് ബന്ധമോ ഭീകരവാദ പശ്ചാത്തലമോ ഇല്ലെന്നായിരുന്നു ചാൾസിന്റെ നിലപാടെന്നും റിപ്പോട്ടിൽ പറയുന്നു. അതേ സമയം, ചാൾസിന് ഇടപാടിൽ പങ്കില്ലെന്നും സംഘടനയിലെ ട്രസ്റ്റികളാണ് പണം വാങ്ങാൻ തീരുമാനിച്ചതെന്നും ഇടപാട് സർക്കാരിനെ അറിയിച്ചതാണെന്നും പ്രിൻസ് ഒഫ് വെയ്‌ൽസ് ചാരിറ്റബിൾ ഫണ്ട് വൃത്തങ്ങൾ വ്യക്തമാക്കി. പണം വാങ്ങിയ കാര്യം ചാൾസിനറിയാമായിരുന്നു എന്ന ആരോപണം സംഘടന തള്ളി. വിഷയത്തിൽ ചാൾസ് പ്രതികരിച്ചിട്ടില്ല.