bribe

നിലമ്പൂർ: വഴിക്കടവ് ചെക്‌പോസ്റ്റിൽ മൂന്ന് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് നാട്ടിലേക്ക് പോയ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറെ കണക്കിൽപ്പെടാത്ത അരലക്ഷം രൂപയുമായി വിജിലൻസ് അറസ്റ്റ് ചെയ്‌തു. ആലപ്പുഴ കോമല്ലൂർ കരിമുളയ്ക്കൽ ഷഫീസ് മൻസിലിൽ ബി. ഷഫീസാണ് പിടിയിലായത്. ഇയാളുടെ ഏജന്റ് വഴിക്കടവ് പുതിയകത്ത് ജുനൈദും (ബാപ്പുട്ടി) പിടിയിലായി.

മൊഴിയെടുക്കവേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എ.എം.വി.ഐയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ രാവിലെ ഏഴിനാണ് ഷഫീസിനെ കസ്റ്റഡിയിലെടുത്തത്. വഴിക്കടവിൽ നിന്ന് കാറിൽ പുറപ്പെട്ടപ്പോൾ തന്നെ ഇരുവരും വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. ഷഫീസിന്റെ ഭാര്യയുടെ പേരിലുള്ള കാർ ഓടിച്ചത് ജുനൈദാണ്. പരിശോധന ഭയന്ന് ദിവസേന ഇടയ്ക്കിടെ കോഴപ്പണം ഏജന്റുമാരെ ഏൽപ്പിക്കുകയും ഉദ്യോഗസ്ഥർ വീട്ടിൽ പോകുമ്പോൾ കൈമാറുകയും ചെയ്യുന്നതാണ് ചെക്‌പോസ്റ്റിലെ രീതിയെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു. ഡിവൈ.എസ്.പി ഫിറോസ് എം.ഷഫീഖിന്റെ നേതൃത്വത്തിലാണ് ഇരുവരെയും പിടികൂടിയത്.