വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെയും കേരള ജല അതോറിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടപ്പാക്കിയ വട്ടപ്പാറ മൂർക്കമ്പാട്ട് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിച്ചു. നഗരസഭയിലെ കടുത്ത ജലക്ഷാമം നേരിടുന്ന പ്രദേശമാണ് വട്ടപ്പാറ മൂർക്കമ്പാട്ട്. പ്രദേശത്തെ 150 ഓളം വരുന്ന കുടുംബങ്ങൾക്ക് ഈ പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമാകും. തിരുന്നാവായ സമഗ്ര കുടിവെള്ള പദ്ധതിയിൽ നിന്നുമാണ് പ്രദേശത്തേക്ക് വെള്ളം എത്തിക്കുന്നത്. 2019 -20 ൽ ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ നിന്നും 24 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ കെ.ടി ജലീൽ, നഗരസഭ ചെയർമാൻ അഷ്രഫ് അമ്പലത്തിങ്ങൾ, വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ മുജീബ് വാലാസി, റൂബി ഖാലിദ് സംസാരിച്ചു.