മലപ്പുറം: ജില്ലയിൽ പകർച്ചപ്പനി വ്യാപകമായതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹാജർ നിലയിലും ഗണ്യമായ കുറവ്. സ്കൂളുകൾ ജൂൺ ആദ്യവാരം തുറന്നത് മുതൽ പകർച്ച പനിയും വ്യാപകമായിരുന്നു. ജൂലായ് മാസം ആരംഭിച്ചിട്ടും പനി ബാധിതരുടെ എണ്ണത്തിൽ കുറവ് വന്നിട്ടില്ല. 50 വിദ്യാർത്ഥികളുള്ള ക്ലാസ് റൂമുകളിലടക്കം 30ൽ താഴെയാണ് ഹാജർ നില. മലപ്പുറം നഗരത്തിലെ എൽ.പി, യു.പി സ്കൂളുകളിൽ കഴിഞ്ഞ ദിവസങ്ങളിലായി 100ൽ കൂടുതൽ കുട്ടികളുടെ കുറവാണുള്ളത്. മിക്ക സ്കൂളുകളിലും 50 ശതമാനം കുട്ടികൾ മാത്രമേ എത്തുന്നുള്ളു.
ആശുപത്രി ഒ.പികളും പനി ബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആയിരത്തിലധികം രോഗികളാണ് പനിക്കായി മലപ്പുറം ഗവ.ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ ചികിത്സ തേടിയത്. പകർച്ച പനി തരണം ചെയ്യാൻ മൂന്ന് മുതൽ അഞ്ച് ദിവസമെങ്കിലും എടുക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. രാവിലെ വീട്ടിൽ നിന്ന് സ്കൂളുകളിലേയ്ക്ക് യാതൊരു പ്രശ്നവും കൂടാതെ എത്തുന്ന വിദ്യാർത്ഥികളിൽ പലർക്കും ഇടയ്ക്ക് വച്ച് ക്ഷീണവും ചുമയും അനുഭവപ്പെടുന്നു. ഇത്തരത്തിൽ ബുദ്ധിമുട്ടുകൾ വരുന്ന വിദ്യാർത്ഥികളെ രക്ഷിതാക്കളെ വിളിച്ചു വരുത്തിയോ സ്കൂൾ വാഹനങ്ങളിലോ വീട്ടിലേക്ക് കൊണ്ടു വിടുകയാണ് സ്കൂൾ അധികൃതർ ചെയ്യുന്നത്. പനിയോ, ലക്ഷണങ്ങളോ ഉള്ള വിദ്യാർത്ഥികളോട് സ്കൂളിൽ വരരുതെന്ന് കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. ബിരുദ കോളേജുകളിലും ടീച്ചർ ട്രെയിനിംഗ് സ്ഥാപനങ്ങളിലുമെല്ലാം സ്ഥിതി സമാനമാണ്.
അദ്ധ്യാപകർക്കും വയ്യ
പഠിപ്പിക്കാനെത്തുന്ന അദ്ധ്യാപകരും പകർച്ചപ്പനി കാരണം ബുദ്ധിമുട്ടിലാണ്. ഒന്നോ, രണ്ടോ അദ്ധ്യാപകർ മാത്രം സ്കൂളിൽ എത്താത്ത സാഹചര്യമാണ് സാധാരണയുണ്ടാവാറുള്ളത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നഗരത്തിലെ സ്കൂളുകളിൽ എട്ടിൽ കൂടുതൽ അദ്ധ്യാപകർ പനി കാരണം ഹാജരായിരുന്നില്ല. മലപ്പുറം ഗവ. ടീച്ചർ ട്രെയിനിംഗ് സ്ഥാപനത്തിൽ ഒരു ബാച്ചിൽ തന്നെ 12ലധികം വിദ്യാർത്ഥികളുടെ കുറവാണ് ഇന്നലെ രേഖപ്പെടുത്തിയത്. ഉറുദു ബാച്ചിൽ ഏഴ് പേരും, ജനറൽ വിഭാഗത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 13 വിദ്യാർത്ഥികളും ടീച്ചർ ട്രെയിനിംഗിനായി എത്തിയിരുന്നില്ല.
മലമ്പനിയും, കൊവിഡും
അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾക്ക് മലമ്പനിയുണ്ടായ സാഹചര്യത്തിൽ അതീവ ജാഗ്രത വേണമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. തുടർച്ചയായി ഉണ്ടാവുന്ന പനി, വിറയലും നല്ല തണുപ്പും അനുഭവപ്പെടുക, ചൂടുള്ള അവസ്ഥയിൽ ശരീരം പൊള്ളുക, അമിതമായി വിയർക്കുക എന്നിവയാണ് മലമ്പനിയുടെ ലക്ഷണങ്ങൾ. കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത വേണം. പനി ബാധിതരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കേണ്ടതാണ്.
ഹാജർ നില
(ജി.എൽ.പി സ്കൂൾ മലപ്പുറം)
ആകെ വിദ്യാർത്ഥികൾ- 390
ജൂലായ് 4 - 290
ജൂലായ് 1 - 286
ജൂൺ 30 - 295
ജൂൺ 29 - 305
എ.യു.പി സ്കൂൾ മലപ്പുറം
ആകെ വിദ്യാർത്ഥികൾ - 1310
മുഴവുവൻ ക്ലാസുകളിലായി ഇന്നലെ കുറവുള്ളത് -100ൽപരം
അദ്ധ്യാപകർ - 43
രണ്ട് ദിവസങ്ങളിലായി ഹാജരാവാത്തവർ - 8
മലപ്പുറം ഗവ.ആശുപത്രിയിൽ ചികിത്സ തേടിയ പനി ബാധിതർ
ജൂലായ് 4 - 305
ജൂലായ് 3 - 370
ജൂലായ് 2 - 370