d
കുഴൽപ്പണവുമായി പിടിയിലായവർ

വളാഞ്ചേരി: വളാഞ്ചേരിയിൽ 71.50000 രൂപയുടെ കുഴൽപ്പണം പിടികൂടി. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെ വളാഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് കോയമ്പത്തൂരിൽ നിന്നും കോട്ടക്കലിലേക്ക് പച്ചക്കറിയുമായി പോവുന്ന മിനി ഗുഡ്സ് വാഹനത്തിന്റെ ഡാഷ് ബോർഡിന്റെ ഉള്ളിലും സീറ്റിന്റെ അടിയിലുമായി ഏഴ് ബണ്ടിലുകളായി സൂക്ഷിച്ചിരുന്ന പണം പിടികൂടിയത്. സംഭവത്തിൽ വാഹനം ഓടിച്ചിരുന്ന കൊപ്പം സ്വദേശി കല്ലിങ്ങൽ ഷംസുദ്ധീൻ (42) സഹായിയായി വാഹനത്തിൽ ഉണ്ടായിരുന്ന കൊപ്പം ഇടത്തോൾ അബ്ദുൽ ജബ്ബാർ ( 36 ) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കുഴൽപ്പണ മാഫിയയ്ക്കെതിരെ പരിശോധന ശക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്നു മാസത്തിനുള്ളിൽ 10 കോടിയോളം രൂപയാണ് വളാഞ്ചേരി പൊലീസ് പിടിച്ചെടുത്തത്. പരിശോധനയിൽ പിടിക്കപ്പെടാതിരിക്കാൻ ചരക്ക് വാഹനങ്ങൾ അടക്കം ഉപയോഗപ്പെടുത്തുന്നുണ്ടെന്നും വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും പിടിച്ചെടുത്ത പണം കോടതിയിൽ ഹാജരാക്കി ഇൻകം ടാക്സ് ഡിപ്പാർട്ട്‌മെന്റിനേയും എൻഫോഴ്സ്‌മെന്റിനേയും അറിയിക്കുമെന്നും പൊലീസ് പറഞ്ഞു. എസ്.ഐ. നൗഷാദ്, സി.പി.ഒമാരായ റഷീദ്, സൈലേഷ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.