
താനൂർ: താനൂർ നഗരസഭയിൽ ബസ് സ്റ്റാൻഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് 2011 മുതൽ നടന്ന നടപടികളിലെ ഓഡിറ്റ് റിപ്പോർട്ടിൽ വൻ ക്രമക്കേട് കണ്ടെത്തിയതിനാൽ വിജിലൻസ് കേസെടുത്ത് അന്വേഷിക്കണമെന്ന് സി.പി.എം താനൂർ മുനിസിപ്പൽ കമ്മിറ്റി വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
താനൂർ ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി സ്വകാര്യ വ്യക്തിയുടെ ഭൂമി പാട്ടത്തിനെടുക്കുകയും 60 സെന്റ് ഭൂമിയുടെ മറവിൽ മറ്റ് ഭൂമിയും തരം മാറ്റിയതായി സംശയിക്കുന്നു. 1,51,22,000 രൂപയുടെ പ്രവർത്തി നടന്നതിൽ ക്രമ വിരുദ്ധവും സർക്കാർ അനുമതി ഇല്ലാതെയും പാഴ്ചിലവും അസൗകര്യങ്ങളുമാണ് ഉണ്ടായത് എന്ന് ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. മറ്റ് നിരവധി പദ്ധതികളിലും വൻ തിരിമറി നടന്നതായി ഓഡിറ്റിൽ കണ്ടെത്തിയിരിക്കുന്നു. ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷിച്ചവർക്ക് ആദ്യഗഡു നൽകാൻ സർക്കാർ ഉത്തരവുണ്ടായിട്ടും നടപടി സ്വീകരിക്കാതെ നഗരസഭാ ഭരണത്തിനെതിരെ സി.പി.എം മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ പത്തിന് ധർണ്ണ നടത്താൻ തീരുമാനിച്ചതായും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സി.പി.എം മുനിസിപ്പൽ സെക്രട്ടറി എം. അനിൽ കുമാർ, എൽ.സി സെക്രട്ടറി സി.പി. അശോകൻ, കൗൺസിലർ എ.സുചിത്ര, കെ.കെ. യൂസുഫ്, പി. അജയൻ എന്നിവർ പങ്കെടുത്തു.