പൊന്നാനി: കാലവർഷം ശക്തമായതോടെ പൊന്നാനി താലൂക്കിൽ ദിവസങ്ങളായി തുടരുന്ന കടൽക്ഷോഭം തിങ്കളാഴ്ച രൂക്ഷമായി. പതിനഞ്ചോളം വീടുകൾ ഭാഗികമായി തകർന്നു. അമ്പതിലധികം വീടുകളിലേക്ക് വെള്ളം കയറി. നിരവധി ചെറുറോഡുകൾ വെള്ളത്തിൽ മുങ്ങി.
പൊന്നാനി മുറിഞ്ഞഴി പൊന്നാനി മരക്കടവ്, അലിയാർ പള്ളി, മുറിഞ്ഞഴി, ഹിളർ പള്ളി പരിസരം, മൈലാഞ്ചിക്കാട്, വെളിയങ്കോട് തണ്ണിത്തുറ, പത്ത് മുറി, പാലപ്പെട്ടി അജ്മീർ നഗർ, കാപ്പിരിക്കാട് എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. വീടുകൾക്കുള്ളിലേക്ക് മണലും വെള്ളവും അടിച്ചുകയറിയതിനാൽ താമസിക്കാൻ കഴിയാതെയായി. മുക്കാടി മരക്കടവ് റോഡ് അടക്കമുള്ള റോഡുകളും വെള്ളത്തിൽ മുങ്ങി. കടൽ വെള്ളം ഇരച്ചുകയറുന്നതിന് പുറമെ പ്രദേശത്ത് വെള്ളക്കെട്ടും രൂക്ഷമാണ്.
തീരത്തെ മിക്ക വീടുകളും വെള്ളക്കെട്ടിലാണ്. തീരത്ത് കുടിവെള്ളക്ഷാമവും രൂക്ഷമായി.
കടൽഭിത്തി ഇല്ലാത്തതിനാൽ നിരവധി വീടുകളും തെങ്ങുകളും കടലാക്രമണത്തിൽ നഷ്ടമായി. പുനർഗേഹം പദ്ധതിയുടെ ഭാഗമായി വീട് ലഭിച്ചവർ ഉപേക്ഷിച്ച തീരദേശ മേഖലയിലെ വീടുകൾ പൂർണ്ണമായും കടലെടുത്തു. ഇപ്പോൾ തീരദേശ റോഡും കടന്ന് എതിർവശത്തെ വീടുകളിലേക്കാണ് വെള്ളം ഇരച്ചു കയറുന്നത്. വീടുകൾ പൂർണമായി തകർന്നതിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികൾ ആവശ്യവസ്തുക്കളുമായി ബന്ധു വീടുകളിലേക്ക് താമസം മാറി.