udf

മലപ്പുറം: എ.കെ.ജി സെന്ററിലേക്ക് കോൺഗ്രസുകാർ ബോംബ് എറിഞ്ഞുവെന്ന വ്യാജ കഥയുണ്ടാക്കി വിവാദങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ഇടത് ഗൂഢാലോചനയാണ് നടക്കുന്നതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. യു.ഡി.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.എം തിരക്കഥ ജനങ്ങൾ പുച്ഛിച്ച് തള്ളിയെന്നും പ്രതികളെ ഇനിയും പിടികൂടാത്തത് കള്ളകളികൾക്ക് തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും ഗുരുതരമായ ആരോപണങ്ങൾ മുമ്പ് ഒരു മുഖ്യമന്ത്രിയും നേരിട്ടിട്ടില്ല. വിദേശ കറൻസിയും സ്വർണവുമെല്ലാം കടത്തി എന്ന് പറഞ്ഞ് രംഗത്തുവന്നത് മുഖ്യമന്ത്രിയുടെ കൂടെ ജോലി ചെയ്തിരുന്ന സ്ത്രീ തന്നെയാണെന്നത് ഗൗരവമുള്ള കാര്യമാണെന്നും സലാം കൂട്ടിച്ചേർത്തു. യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി അജയമോഹൻ അധ്യക്ഷത വഹിച്ചു. കൺവീനർ അഷ്‌റഫ് കോക്കൂർ, അബ്ദുറഹിമാൻ രണ്ടത്താണി, ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്,ആര്യാടൻ ഷൗക്കത്ത്, ഇ.മുഹമ്മദ് കുഞ്ഞി, വാസു കാരയിൽ, വി.എ കരീം, സുഹ്‌റ മമ്പാട് പ്രസംഗിച്ചു.