
മലപ്പുറം: മഴ കനക്കുമ്പോൾ കർഷകരുടെ മനസിൽ ആശങ്കയുടെ കാർമേഘമാണ് ഉരുണ്ടുകൂടുന്നത്. ഇടമുറിയാതെ പെയ്യുന്ന മഴയിൽ മലയോരങ്ങളിൽ കൃഷിയിടങ്ങൾ വെള്ളക്കെട്ടിലാണ്. മഴയ്ക്ക് അകമ്പടിയായി കാറ്റ് വീശുന്നതിന്റെ ആധിയിലാണ് വാഴക്കർഷകർ. കഴിഞ്ഞ മൺസൂൺ സീസണിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് വാഴ കർഷകർക്കാണ്. കാർഷിക നാശനഷ്ടം പെരുകുമ്പോഴും വിള ഇൻഷ്വറസ്, പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധി എന്നിവയിൽ നിന്നുള്ള നഷ്ടപരിഹാരം വൈകുന്നത് കർഷകർക്ക് തിരിച്ചടിയാണ്. കഴിഞ്ഞ വർഷത്തെ കുടിശ്ശിക അടക്കം 5.72 കോടി രൂപ വിതരണം ചെയ്യാനുണ്ട്.
മാർച്ച് മുതൽ ജൂലായ് മൂന്ന് വരെ 3.80 കോടിയുടെ കൃഷിനാശമാണ് ജില്ലയിൽ കണക്കാക്കിയിട്ടുള്ളത്. കഴിഞ്ഞ വർഷം 24.51 കോടി രൂപയുടെ കൃഷിനാശം റിപ്പോർട്ട് ചെയ്തിരുന്നു. ആലപ്പുഴ, പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൃഷിനാശമുണ്ടായത് മലപ്പുറത്താണ്. വിള ഇൻഷ്വറൻസിൽ അനുവദിക്കുന്ന നഷ്ടപരിഹാരത്തുക വർദ്ധിപ്പിക്കണമെന്ന ആവശ്യം കർഷകർ ഉന്നയിക്കുന്നുണ്ട്. നഷ്ടപരിഹാര തുക അനുവദിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങൾ പൂർത്തിയാക്കി വൈകാതെ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് എത്തുമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
ഹോർട്ടികോർപ്പും കുടിശ്ശിക
പച്ചക്കറികളും വിവിധ കാർഷിക ഉത്പന്നങ്ങളും വിതരണം ചെയ്ത ഇനത്തിൽ ജില്ലയിലെ കാർഷിക സഹകരണ സംഘങ്ങൾക്ക് ഹോർട്ടി കോർപ്പറേഷനിൽ നിന്ന് 3.13 ലക്ഷം രൂപ കിട്ടാനുണ്ട്. പലപ്പോഴും തുക സമയബന്ധിതമായി ലഭിക്കാത്ത അവസ്ഥ സഹകരണ സംഘങ്ങൾക്ക് പ്രതിസന്ധി ഉണ്ടാക്കുന്നു. സംസ്ഥാനത്ത് ആകെ 36.88 ലക്ഷം രൂപയാണ് കുടിശ്ശിക. മലപ്പുറം, കോട്ടയം, പാലക്കാട്, കണ്ണൂർ ജില്ലകളിലാണ് കുടിശ്ശിക കൂടുതൽ. വിപണി ഇടപെടലിനായി സർക്കാർ അനുവദിച്ച തുകയിൽ നിന്നും സഹകരണ സംഘങ്ങൾക്കുള്ള കുടിശ്ശിക കൊടുത്തുതീർക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ഹോർട്ടികോർപ്പ് അധികൃതർ പറഞ്ഞു.