cddd

പൊന്നാനി: പുനർഗേഹം ഭവന സമുച്ചയത്തിലെ മലിനജല സംസ്‌കരണത്തിന് ശാശ്വത പരിഹാരം ഇനിയുമകലെ. നഗരസഭയുടെ ബയോഡജസ്റ്റർ ടാങ്ക് വച്ച് താൽക്കാലിക പരിഹാരം കാണാനാണ് ശ്രമം.

തുടർച്ചയായി മഴ പെയ്തതോടെ ദുരിതത്തിലായ പൊന്നാനിയിലെ ഫിഷർമെൻ ഭവനസമുച്ചയത്തിലെ മലിനജല സംസ്‌കരണത്തിന് ശാശ്വത പരിഹാരം കാണാനുള്ള മാർഗ്ഗങ്ങളാണ് പ്രയാസത്തിലായിരിക്കുന്നത്. ശൗചാലയങ്ങളിലുൾപ്പെടെ വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യത്തിൽ പൊന്നാനി നഗരസഭ ചെയർമാൻ ഭവന സമുച്ചയത്തിലെ റസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെയുള്ളവരുടെ യോഗം വിളിച്ചുചേർത്തു.

നഗരസഭയുടെ രണ്ട് ബയോഡയജസ്റ്റർ ടാങ്കുകൾ നൽകി മലിനജലം ടാങ്കിൽ എത്തിക്കാനുള്ള ശ്രമങ്ങൾക്കാണ് യോഗത്തിൽ തീരുമാനമായത്. അമ്പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കുകളാണിത്.വീടുകളിലെ മലിനജല പൈപ്പുകൾ ഈ ടാങ്കുകളിലേക്ക് ഘടിപ്പിച്ച് പ്രശ്നത്തിന് പരിഹാരം കാണാൻ ഊരാളുങ്കൽ ലേബർ കോൺട്രാക്ടിംഗ് സൊസൈറ്റിയെ യോഗത്തിൽ ചുമതലപ്പെടുത്തി. ഇവരുടെ എൻജിനിയർമാരെത്തി പദ്ധതിയുടെ പ്രായോഗികത വിലയിരുത്തും.

നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹാർബർ എൻജിനിയറിംഗ് എക്സിക്യുട്ടീവ് എൻജിനീയർ എം.ടി രാജീവ്, ഫിഷറീസ് ഡി.ഡി ബേബി ഷീജ കോഹൂർ, എം.എൽ.എ പ്രതിനിധി കെ.സാദിഖ്, ഊരാളുങ്കൽ പ്രതിനിധി നിഥിൻ എന്നിവർ പങ്കെടുത്തു.

പരിഹാരവുമായി നഗരസഭ

യോഗത്തിൽ മലിനജലപ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് വീട്ടുടമകൾ ആവശ്യപ്പെട്ടെങ്കിലും, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ മാസങ്ങളെടുക്കുമെന്ന നിലപാടിലായിരുന്നു കരാർ കമ്പനി. പ്ലാന്റ് നടപ്പാക്കിയാലും പദ്ധതിയുടെ നടത്തിപ്പ് ചെലവ് വീട്ടുടമകൾ തന്നെ വഹിക്കണമെന്ന നിർദ്ദേശവും സ്വീകാര്യമായില്ല. തുടർന്നാണ് നഗരസഭയുടെ ബയോ ഡയജസ്റ്റർ ടാങ്ക് നൽകാമെന്ന് ചെയർമാൻ അറിയിച്ചത്. 128 ഫ്ളാറ്റുകളിൽ നിന്നുള്ള മലിനജലം ഈ ടാങ്കുകളിൽ സംഭരിക്കും. ടാങ്ക് നിറയുമ്പോൾ മലിനജലം ഒഴിവാക്കാനും നഗരസഭ തന്നെ മുൻകൈയെടുക്കും. ഭവനസമുച്ചയത്തിലെ കുടിവെള്ള പ്രശ്നത്തിനും പരിഹാരം കാണാം.