
പെരിന്തൽമണ്ണ: മോഷ്ടിച്ച ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച് മുങ്ങുന്ന രണ്ടുപേർ പെരിന്തൽമണ്ണ പൊലീസിന്റെ പിടിയിലായി. അമ്പതിലധികം മോഷണക്കേസുകളിലെ പ്രതി പെരുമ്പാവൂർ സ്വദേശി മാടവന സിദ്ദീഖ്(46), കൂട്ടാളി പാണ്ടിക്കാട് സ്വദേശി പട്ടാണി അബ്ദുൾ അസീസ്(46) എന്നിവരാണ് അറസ്റ്റിലായത്.
ജില്ലയിൽ ബൈക്ക്‌മോഷണവും സ്ത്രീകളുടെ മാലപൊട്ടിച്ച സംഭവങ്ങളും കൂടിയതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ ഇൻസ്‌പെക്ടർ സുനിൽപുളിക്കൽ, എസ്.ഐ സി.കെ. നൗഷാദ് എന്നിവരടങ്ങുന്ന പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് സൂചന ലഭിക്കുന്നത്. ബസ് സ്റ്റാൻഡുകൾ, ഹോസ്പിറ്റൽ പരിസരങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് ബൈക്കുകൾ ഇവർ മോഷ്ടിച്ചിരുന്നത്. സി.സി.ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ മാർച്ചിൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ മാടവന സിദ്ദീഖ്, അബ്ദുൾ അസീസ് എന്നിവരിലേക്ക് പൊലീസ് സംഘം എത്തിയത്. പ്രതികൾ മോഷ്ടിച്ച ബൈക്കിൽ പെരിന്തൽമണ്ണയിലേക്ക് വരുന്നതായി വിവരം ലഭിച്ചതിൽ നിന്നും സിദ്ദീഖിനേയും അബ്ദുൾ അസീസിനേയും പെരിന്തൽമണ്ണയിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
പെരിന്തൽമണ്ണ, നിലമ്പൂർ സ്റ്റേഷൻ പരിധികളിൽ നിന്നും രണ്ടു ബൈക്കുകൾ മോഷ്ടിച്ചതായും ആ ബൈക്കുകളിൽ കറങ്ങിനടന്ന് വഴിയാത്രക്കാരായ രണ്ടു സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തതായും പ്രതികൾ പൊലീസിനോട് സമ്മതിച്ചു. ഇവർ കൂടുതൽ മോഷണങ്ങൾ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്ന് ജില്ലാ പൊലീസ് മേധാവി എസ്. സുജിത്ത് ദാസ് അറിയിച്ചു.
മോഷണസംഘം വലയിലായത് പൊലീസിന്റെ പഴുതടച്ച അന്വേഷണത്തിലൂടെ
പെരിന്തൽമണ്ണ: മോഷ്ടിച്ച ബൈക്കുകളിൽ കറങ്ങിനടന്ന് വഴിയാത്രക്കാരായ സ്ത്രീകളുടെ മാലപൊട്ടിച്ച് മുങ്ങും. ശേഷം ബൈക്കുകൾ എവിടെയെങ്കിലും ഒളിപ്പിച്ച് വയ്ക്കും. ബൈക്ക് നമ്പർ വച്ച് പ്രതികളിലേക്ക് എത്താനാവില്ല. നിരവധി കേസുകളിൽ പ്രതികളായ സിദ്ദീഖും അസീസും ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ചകളിൽ ഏർപ്പെടും. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലായി അമ്പതിലധികം കേസുകളിലെ പ്രതിയായ സിദ്ദീഖിന് മിക്ക കേസുകളിലും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രതികളെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പ്രത്യേക അന്വേഷണ സംഘത്തലവൻ കൂടിയായ പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ് കുമാർ അറിയിച്ചു.