എടപ്പാൾ: ശാസ്ത്രപുരോഗതിയിലൂടെ ലോകം അത്യുന്നതങ്ങളിലേക്ക് കുതിക്കുമ്പോഴും യാഗാദി കർമ്മങ്ങളടക്കം ഭാരതീയ സംസ്‌കാരം മുന്നോട്ടു വെക്കുന്ന ആചാരങ്ങൾക്കും അനുഷ്ടാനങ്ങൾക്കും ഇന്നും വളരെയേറെ പ്രസക്തിയുണ്ടെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തിൽ അടുത്ത ഫെബ്രുവരിയിൽ നടക്കുന്ന പുത്രകാമേഷ്ടി യാഗത്തിന്റെ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പുത്രകാമേഷ്ടി യാഗം ഏഴു ദിവസങ്ങളിലായാണ് പെരുമ്പറമ്പിൽ നടക്കുക. ഏർക്കര ശങ്കരൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലുള്ള വൈദികരും വേദപണ്ഡിതരും യാഗാദി കർമങ്ങൾക്ക് നേതൃത്വം നൽകും.
ലോഗോ പ്രകാശന ചടങ്ങിൽ യാഗസമിതി ചീഫ് കോ ഓർഡിനേറ്റർ ഡോ.കെ.വി. കൃഷ്ണൻ അദ്ധ്യക്ഷനായി. പി.എം. മനോജ് എമ്പ്രാന്തിരി, കുറുങ്ങാട് വാസുദേവൻ നമ്പൂതിരി, യു. വിശ്വനാഥൻ, ഉണ്ണി ശുകപുരം, രാജേഷ് പ്രശാന്തിയിൽ, കണ്ണൻ പന്താവൂർ, കെ.എം. പരമേശ്വരൻ നമ്പൂതിരി, അഡ്വ.കെ.ടി. അജയൻ, കെ.ടി. രാമകൃഷ്ണൻ, സതീഷ് അയ്യാപ്പിൽ എന്നിവർ പ്രസംഗിച്ചു.