
പൊന്നാനി: നാല് ദിവസമായി തുടരുന്ന കടലാക്രമണത്തിൽ തീരമേഖലയിൽ വലിയ നാശനഷ്ടം. പൊന്നാനി ലൈറ്റ് ഹൗസ് മുതൽ പാലപ്പെട്ടി കാപ്പിരിക്കാട് വരെയുള്ള മേഖലകളിൽ കടലിനോട് ചേർന്നുള്ള വീടുകളെല്ലാം പൂർണ്ണ തകർച്ചയിലാണ്. നൂറു കണക്കിന് വീടുകളുടെ പിൻഭാഗത്തെ അടുക്കളയുൾപ്പെടെ കടൽ കവർന്നു. ഭൂമി ഉൾപ്പെടെ കടലെടുക്കുന്നതിനാൽ വീടിനകത്തെ സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന തിരക്കിലാണ് തീരവാസികൾ. കാലങ്ങൾക്ക് മുമ്പേ ഇട്ട കടൽഭിത്തികളെല്ലാം ഇപ്പോൾ കടലിലാണ്. കടൽ വെള്ളം ഇരച്ചു കയറി നൂറുകണക്കിന് വീടുകൾ താമസ യോഗ്യമല്ലാതായി. ഉച്ചക്ക് ശേഷം കനത്ത കടൽ ക്ഷോഭമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്. മരക്കടവ്, തെക്കേകടവ്, അലിയാർ പള്ളി പരിസരം, ഹിളർ പള്ളി പരിസരം, മുറിഞ്ഞഴി, മൈലാഞ്ചിക്കാട് മേഖലയിലെല്ലാം കടലേറ്റത്തിന് ഇനിയും ശമനമായിട്ടില്ല. കടലാക്രമണത്തെ തടയാനുള്ള താൽക്കാലിക പരിഹാര മാർഗ്ഗങ്ങളെല്ലാം വിഫലമാവുകയാണ്. കായ്ഫലമുള്ള തെങ്ങുകളും ആയിരക്കണക്കിന് കടപുഴകി. തീരദേശ റോഡിലെ വെള്ളക്കെട്ടിനും കുറവില്ലാത്ത സ്ഥിതിയാണ്.
കുത്തിയിരിപ്പ് സമരവുമായി വാർഡ് കൗൺസിലർ
മുറിഞ്ഞഴി ഭാഗത്ത് അടിയന്തരമായി കടൽഭിത്തി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാൽപ്പത്തിയഞ്ചാം വാർഡ് കൗൺസിലർ എ.പി സുനിതയും വാർഡ് കൺവീനർടി.കെ മശ്ഹൂദും ഇറിഗേഷൻ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. നിരവധി വീടുകളും കരഭാഗവും ഈ മേഖലയിൽ കടലെടുത്തിട്ടുണ്ട്. കടൽഭിത്തി ഇല്ലാത്തതാണ് മേഖലയിൽ നാശനഷ്ടങ്ങൾ വർദ്ധിക്കാനിടയാക്കിയത്. പത്ത് കോടി രൂപ കടൽഭിത്തി നിർമ്മാണത്തിന് അനുവദിച്ചിട്ടും പ്രദേശത്ത് കല്ലിട്ടില്ല. വിഷയത്തിൽ ഉടൻ പരിഹാരം കാണണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.
നാൽപ്പത്തിയഞ്ചാം വാർഡ് കൗൺസിലർ എ.പി സുനിതയും വാർഡ് കൺവീനർടി.കെ മശ്ഹൂദും ഇറിഗേഷൻ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുന്നു