dcc
മ​ല​പ്പു​റം​ ​ഡി.​സി.​സി​ ​ന​ട​ത്തി​യ​ ​ശ​ശി​ ​ത​രൂ​ർ ​ക​ണ്ട​ ​ഇ​ന്ത്യ​ ​എ​ന്ന​ ​സെ​മി​നാ​റൽ ​സം​സാ​രി​ക്കു​ന്ന​ ​ശ​ശി​ ​ത​രൂ​ർ​ ​എം.​പി.

മലപ്പുറം: മൂന്ന് വർഷത്തെ ചർച്ചകൾക്ക് ശേഷമാണ് ഇന്ത്യൻ ഭരണഘടന രൂപീകരിച്ചതെന്നും മുൻമന്ത്രി സജി ചെറിയാൻ പറഞ്ഞത് ശരിയല്ലെന്നും ശശി തരൂർ എം.പി. ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച തരൂർ കണ്ട ഇന്ത്യ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ അടിസ്ഥാനത്തിലാണോ നമ്മുടെ ദേശീയത എന്നതായിരുന്നു 1947ന് മുമ്പ് നിലനിന്നിരുന്ന തർക്കമെന്നും അദ്ദേഹം പറഞ്ഞു. വിഭജനത്തോടെയാണ് ആ തർക്കം അവസാനിച്ചത്.

രാജ്യത്തെ ഒരു മതചിഹ്നത്തിൽ ഉൾപ്പെടുത്തിയാണ് ബി.ജെ.പി ഭരിക്കാൻ ശ്രമിക്കുന്നത്. പാകിസ്ഥാൻ മുസ്‌ലിം രാഷ്ട്രമായത് പോലെ ഇന്ത്യ എന്തുകൊണ്ട് ഹിന്ദു രാജ്യമാക്കി കൂടാ തുടങ്ങിയ വാദങ്ങളെല്ലാം ഭരണഘടന രൂപീകരണ സമയത്ത് ഉയർന്നിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ബ്രിട്ടീഷുകാർ തിരഞ്ഞെടുപ്പ് നടത്തിയിരുന്നത്. തിരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് മാത്രമേ വോട്ടവകാശവും ഉണ്ടായിരുന്നുള്ളു. ബി.ജെ.പിയും ശിവസേനയും ഒഴിച്ചുള്ള 44 പാർട്ടികളുടേയും ആശയം എല്ലാവർക്കും തുല്യ അവകാശമെന്നതാണ്. മുസ്ലിങ്ങളുടേയും ക്രിസ്ത്യാനികളുടേയും ഭൂമി ഭാരതത്തിന് വെളിയിലാണെന്നതായിരുന്നു ഹിന്ദുത്വയുടെ ആശയമെന്നും ശശി തരൂർ പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് അഡ്വ വി.എസ് ജോയ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ഫാത്തിമ റോഷ്‌ന, മുൻ ഡി.സി.സി പ്രസി‌ഡന്റ് ഇ.മുഹമ്മദ് കുഞ്ഞി, കെ.പി അബ്ദുൾ മജീദ്, കെ.പി.നൗഷാദ് അലി പങ്കെടുത്തു.

വോട്ടിംഗ് മെഷീൻ കൃത്രിമത്വത്തിന് തെളിവില്ല

തിരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനിൽ കൃത്രിമത്വം നടക്കുന്നുണ്ടെന്ന് തെളിവ് സഹിതം ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്ന് ശശി തരൂർ പറഞ്ഞു. സദസ്സിൽ നിന്നുയർന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ആദ്യ പതിനഞ്ച് വോട്ടുകൾക്ക് ശേഷം വോട്ടുകളെല്ലാം ബി.ജെ.പിക്ക് വീഴുന്ന സംവിധാനമുണ്ടെന്നും പ്രത്യേക സോഫ്റ്റ്‌വെയറിംഗ് നടക്കുന്നുവെന്ന വാദങ്ങളും ഉയർന്നിരുന്നു. എന്നാൽ കൃത്യമായി തെളിവുകളില്ല. തെളിവുകൾ ലഭിച്ചാൽ മാത്രമേ ഇതിനെതിരെ കാമ്പയിൻ നടത്താനാവൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.