plus-one

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാംവർഷ പ്രവേശനത്തിനുള്ള അപേക്ഷകൾ ഈ മാസം 11 മുതൽ 18 വരെ ഏകജാലക പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കാനാവും. ആഗസ്റ്റ് 17ന് ക്ലാസും ആരംഭിക്കും. വിദ്യാർത്ഥികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അറിയിപ്പായിരുന്നു ഇത്. എന്നാൽ മലപ്പുറം ജില്ലയിലെ വിദ്യാത്ഥികളെ സംബന്ധിച്ച് ഇത് കടുത്ത ആശങ്കയുടെ ദിനങ്ങൾ കൂടിയാണ്. പ്ലസ്‌വൺ സീറ്റുകളുടെ കാര്യത്തിലെ വലിയ കുറവാണ് ഇതിന് കാരണം. സർക്കാർ സ്‌കൂളുകളിൽ 30 ശതമാനം മാർജിനൽ സീറ്റും എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനം മാർജിനൽ സീറ്റും വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും ഇതൊന്നും മലപ്പുറത്തെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാവുന്നില്ല. കഴിഞ്ഞ തവണയും ഇതേ തോതിൽ മാർജിനൽ സീറ്റ് വർദ്ധനവ് നടപ്പാക്കിയിരുന്നെങ്കിലും നിരവധി വിദ്യാർത്ഥികൾക്ക് ഓപ്പൺ സ്കൂളിനെ ആശ്രയിക്കേണ്ടി വന്നിരുന്നു.


എന്ന് അറുതിയാവും

ഈ ചോദ്യത്തിന് ?

എസ്.എസ്.എൽ.സി പരീക്ഷാഫലം പുറത്തുവന്നാൽ മലപ്പുറത്ത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഉയരുന്നതാണ് പ്ലസ്‌ വൺ സീറ്റ് സംബന്ധിച്ച ചോദ്യങ്ങൾ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്നത് മലപ്പുറത്താണ്. എല്ലാ വിഷയത്തിലും എ പ്ലസ് ലഭിക്കുന്നവരുടെ എണ്ണത്തിലും മലപ്പുറമാണ് മുന്നിൽ. ഇത്തവണ 77,691 പേരാണ് എസ്.എസ്.എൽ.സി വിജയിച്ചത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 2,137 പേരുടെ വർദ്ധനവുണ്ട്. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലായി സയൻസ് 17,600, കോമേഴ്സ് 13,850, ഹ്യൂമാനിറ്റീസ് 10,500, വി.എച്ച്.എസ്.ഇ 2,790 ഉൾപ്പെടെ 44,740 മെറിറ്റ് സീറ്റുകളാണുള്ളത്. നിലവിൽ വിജയിച്ചവരുടെ കണക്കെടുത്താൽ 32,951 പേർക്ക് മെറിറ്റ് സീറ്റിൽ അവസരം ലഭിക്കില്ല.

ഐ.ടി.ഐ 1,124, പോളിടെക്നിക്ക് 1,360 മെറിറ്റ് സീറ്റുകളുണ്ട്. ഇതുൾപ്പെടെ ജില്ലയിൽ ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക്ക് എന്നിവയിലായി 47,224 മെറിറ്റ് സീറ്റുകളാണുള്ളത്. അൺഎയ്ഡഡിലെ 11,275 കൂടി ഉൾപ്പെടുത്തിയാലും 56,015 പേർക്കുള്ള സീറ്റുകളേ ഉണ്ടാവൂ. സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച മാർജ്ജിനൽ സീറ്റ് വർദ്ധനവ് പ്രകാരം മലപ്പുറത്ത് 10,650 സീറ്റുകളുടെ വർദ്ധനവാണ് ഉണ്ടാവുക. ഇതുപ്രകാരം 66,665 പേർക്ക് കൂടി പ്ലസ് വണ്ണിന് അവസരം ലഭിക്കും. എങ്കിലും 10,000ത്തിൽ അധികം പേർക്ക് ഓപ്പൺ സ്‌കൂളിനെ ആശ്രയിക്കേണ്ടി വരും.



സീറ്റല്ല വേണ്ടത്, ബാച്ചാണ്

എല്ലാ വർഷവും പ്ലസ്‌വൺ പ്രതിസന്ധി താത്ക്കാലിക സീറ്റ് വർദ്ധനവിലൂടെ മറികടക്കാനാണ് സർക്കാരുകൾ ശ്രമിക്കാറുള്ളത്. കാലങ്ങളായി മലപ്പുറം നേരിടുന്ന പ്രതിസന്ധിക്ക് ശാശ്വതപരിഹാരം കാണാൻ ഇടത്, വലത് സർക്കാരുകൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കഷ്ടപ്പെട്ട് പഠിച്ചാലും തുടർപഠനത്തിനായി ഓടേണ്ട അവസ്ഥയിലാണ് വിദ്യാർത്ഥികൾ. ഫുൾ എ പ്ലസുകാർക്ക് പോലും ഇഷ്ടപ്പെട്ട സ്‌കൂൾ ലഭിക്കാത്ത സാഹചര്യം മലപ്പുറത്തുണ്ട്. എ പ്ലസുകളുടെ എണ്ണത്തിലെ ചെറിയ കുറവ് പോലും ഇഷ്ടപ്പെട്ട വിഷയം ലഭിക്കുന്നതിന് തടസ്സമാവാറുണ്ട്. നീന്തൽ അറിയുന്നവർക്ക് രണ്ട് ബോണസ് പോയിന്റ് ലഭിക്കുമെന്ന പ്രചാരണത്തിന് പിന്നാലെ നീന്തൽ പ്രാവീണ്യ പരിശോധനാ ഇടങ്ങളിലുണ്ടായ വിദ്യാർത്ഥികളുടെ തിരക്ക് തന്നെ ഈ ആശങ്കയുടെ തെളിവാണ്. സാധാരണ ഗതിയിൽ പ്ലസ്‌വൺ പ്രവേശന നടപടികൾ തുടങ്ങിയതിന് ശേഷമാണ് മാർജ്ജിനൽ വർദ്ധനവിന് സർക്കാരുകൾ തയ്യാറാവാറുള്ളത്. ഇത്തവണ നേരത്തെ മാർജ്ജിനൽ വർദ്ധനവ് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളുടെ ദുരിതത്തിന് തെല്ലൊരു ആശ്വാസമേകും.

കാലങ്ങളായി താൽക്കാലിക പരിഹാരമായി സീറ്റുകളിൽ ആനുപാതിക വർദ്ധനവ് വരുത്തിയും താത്‌കാലിക ബാച്ചുകളും അനുവദിക്കുകയാണ് സർക്കാരുകൾ ചെയ്യുന്നത്. ഇത്തവണ സർക്കാർ സ്‌കൂളുകളിലെ 452 ബാച്ചുകളിൽ 30 ശതമാനം സീറ്റ് വർദ്ധിപ്പിക്കുന്നതിലൂടെ 6,780 സീറ്റുകളും എയ്ഡഡ് സ്‌കൂളുകളിലെ 387 ബാച്ചുകളിലായി 20 ശതമാനം വർദ്ധനവിലൂടെ 3,870 സീറ്റുകളുമാണ് അധികമായി ലഭിക്കുക. ഇതുവഴി ഉണ്ടാവുന്ന മറ്റൊരു പ്രതിസന്ധി ഒരു ക്ലാസ് റൂമിൽ 65 കുട്ടികൾ പഠിക്കേണ്ടി വരുമെന്നതാണ്. മിക്ക ക്ലാസ് മുറികളിലും ഇത്രയധികം കുട്ടികളെ ഉൾക്കൊള്ളാനാവില്ല. തലങ്ങും വിലങ്ങും അധികമായി ബെഞ്ചും ഡെസ്‌ക്കുമിട്ടാണ് കുട്ടികളെ ഇരുത്തുന്നത്. ശാശ്വതപരിഹാരമെന്ന നിലയിൽ വിദ്യാർത്ഥികളുടെ എണ്ണത്തിനനുസരിച്ച് സർക്കാ‌ർ സ്കൂളുകളിലെങ്കിലും അധിക ബാച്ചുകൾ അനുവദിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യണെമന്ന ആവശ്യം വർഷങ്ങളായി ജില്ല ഉന്നയിക്കുന്നുണ്ട്. അധിക ബാച്ചുകൾ വരുമ്പോൾ കൂടുതൽ കുട്ടികൾക്ക് അവസരം ലഭിക്കുമെന്നതിനൊപ്പം ഒരു ക്ലാസിൽ 50 കുട്ടികളെ ഉണ്ടാവൂ.


ഇടപെട്ട് കോടതി

മലപ്പുറത്തെ പ്ലസ്‌വൺ സീറ്റ് ക്ഷാമത്തിൽ കഴിഞ്ഞദിവസം ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. അധിക ബാച്ചും പുതിയ ബാച്ചും തുടങ്ങാൻ ഡിവിഷൻ ബെഞ്ച് സർക്കാറിന് നിർദേശം നൽകിയിട്ടുണ്ട്. ഹയർസെക്കൻഡറി മേഖലയിൽ മലപ്പുറത്ത് കടുത്ത അസൗകര്യം നേരിടുന്നെന്ന നിരീക്ഷണത്തെ തുടർന്നാണ് കോടതിയുടെ നടപടി. ജില്ലയിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രശ്നത്തിൽ ഇടപെടാൻ സർക്കാരിന് ബാദ്ധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. മലപ്പുറത്തെ മുന്നിയൂർ ഹയർസെക്കന്ററി സ്‌കൂളിൽ മൂന്ന് മാസത്തിനകം കൊമേഴ്സ്, ഹ്യുമാനിറ്റീസ്, സയൻസ് വിഷയങ്ങളിൽ മൂന്ന് അധികബാച്ച് അനുവദിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ പുതിയ ഉത്തരവ്. കോടതി ഉത്തരവ് നടപ്പാക്കിയാൽ കാലങ്ങളായി മലപ്പുറം നേരിടുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാവും.