മലപ്പുറം: കാലവർഷം കനത്തതോടെ ഏറെ ഭീതിയിൽ കഴിയുകയാണ് ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയത്തുള്ള ആദിവാസികൾ. 2018ൽ നെല്ലിയായി കോളനിയിലുണ്ടായ ഉരുൾപൊട്ടലിന്റെ നടുക്കുന്ന ഓർമ്മകൾ ഇവരിൽ നിന്ന് വിട്ടൊഴിഞ്ഞിട്ടില്ല. ശ്വാസമറ്റ നിലയിൽ മണ്ണിനടിയിൽ നിന്നും പുറത്തെടുത്ത കൂടപ്പിറപ്പുകളുടെ ദയനീയ മുഖം ഇവരുടെ കണ്ണുകളിൽ വലിയ ആധിയായി ഇന്നുമുണ്ട്.
ഇത്തവണയും കാലവർഷം ശക്തിയാർജിക്കുമ്പോൾ അലട്ടുന്നത് സുരക്ഷിതത്വമില്ലായ്മയാണ്. ഉരുൾപൊട്ടലുണ്ടായ നെല്ലിയായി കോളനിയിലും കുരീരി കോളനിയിലും സർക്കാർ ആരെയും പുനരധിവസിപ്പിച്ചിട്ടില്ല. കാലവർഷക്കെടുതിക്കുള്ള സാധ്യതകൾ കണ്ടാൽ മാറി താമസിക്കാനും മാർഗമില്ല. ഇങ്ങനെ നാൽപതോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. അപകട സാഹചര്യങ്ങൾ വന്നാൽ ക്യാമ്പിലേക്ക് മാറുകയെന്നത് മാത്രമാണ് ആശ്വാസം. സുരക്ഷിതമായ വീടില്ലാതെ ക്യാമ്പിലേക്ക് കണ്ണുംനട്ടിരിക്കാൻ തുടങ്ങിയിട്ടിപ്പോൾ വർഷമൊരുപാടായി. പഞ്ചായത്തും വാർഡ് മെമ്പർമാരും ചേർന്ന് ക്യാമ്പുകളൊരുക്കുമെങ്കിലും അപകട സാധ്യതയില്ലാത്ത സ്ഥലത്ത് അടച്ചുറപ്പുള്ള വീടെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. കാലവർഷമെത്തും മുമ്പ് സർക്കാർ പുനരധിവാസ പാക്കേജ് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്തവണയും ദുരന്തമുഖത്ത് കഴിയാനാണ് വിധി.
ഉരുൾപൊട്ടിയാൽ ഇവരെന്ത് ചെയ്യും ?
ഓടക്കയം വാർഡിലെ കൊടുമ്പുഴ, ഈന്തുംപാലി, വെറ്റിലപ്പാറയിലെ ചുണ്ടത്തുംപൊയിൽ എന്നിവിടങ്ങളിലായി 68 കുടുംബങ്ങൾക്കാണ് സർക്കാർ വീടുകൾ അനുവദിച്ചിരുന്നത്. ഉരുൾപൊട്ടൽ നടന്ന് ജീവനുകൾ ഇല്ലാതായ നെല്ലിയായിലും കുരീരിയിലും ഒരു വീടുപോലും അനുവദിച്ചിട്ടില്ല. അനുവദിച്ചവർക്ക് വീടിന് നാല് ലക്ഷവും ഭൂമിക്ക് ആറ് ലക്ഷവും നൽകി. നാല് ലക്ഷം കൊണ്ട് വീട് പണിയാനാവില്ലെന്ന പരാതികളും ഉയർന്നിരുന്നു. കുട്ടികളും പ്രായമായവരുമടക്കം നിരവധിയാളുകളാണ് നെല്ലിയായിലുള്ളത്. അപകട സാഹചര്യങ്ങൾ വന്നാൽ പെട്ടെന്ന് ക്യാമ്പിലേക്ക് മാറുന്നതും രക്ഷപ്പെടുന്നതുമെല്ലാം ബുദ്ധിമുട്ടേറിയ കാര്യമാണ്. ഉരുൾപൊട്ടിയ സ്ഥലത്ത് താമസിക്കുന്നവർക്ക് പുനരധിവാസം ഉറപ്പാക്കാത്തത് വിചിത്രമായ നടപടിയാണെന്ന് ഊരുകൂട്ടം യോഗത്തിൽ പറഞ്ഞു. പുനരധിവാസം ലഭിക്കാനുള്ള നടപടികളിലേക്ക് നീങ്ങണമെന്നും ഊരുകൂട്ടം തീരുമാനിച്ചിട്ടുണ്ട്.
വന്യ മൃഗങ്ങൾ ചില്ലറക്കാരല്ല
വന്യമൃഗ ശല്യമാണ് കോളനിയിലുള്ളവരുടെ മറ്റൊരു പ്രശ്നം. അധികമാളുകളും കൃഷി ചെയ്ത് ഉപജീവനമാർഗം കണ്ടെത്തുന്നവരാണ്. സ്ഥിരമായി ആനകളും പന്നികളും കൃഷി നശിപ്പിക്കുന്നത് പതിവാണ്. കൃഷി നശിച്ചാൽ ആകെയുള്ള പ്രതീക്ഷ ഇൻഷ്വറൻസിലാണ്. എന്നാൽ തുക ലഭിക്കാൻ ഏറെ കാത്തിരിക്കണം. ഇക്കാരണങ്ങൾ കൊണ്ട് കൃഷി ചെയ്യാൻ മടിക്കുന്നവരുമുണ്ട്. ആനയുടെ ചവിട്ടേറ്റ് മനുഷ്യ ജീവൻ നഷ്ടപ്പെട്ട സാഹചര്യവുമുണ്ട്.
ഓടക്കയം വാർഡിലെ ജനങ്ങൾ കാലങ്ങളായി ദുരിതത്തിലാണ്. പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടാത്ത കുടുംബങ്ങൾക്ക് എത്രയും പെട്ടെന്ന് വീട് അനുവദിക്കണം. അനുവദിച്ചവർക്ക് പണി പൂർത്തീകരിക്കാൻ ആവശ്യമായ സഹായങ്ങളും സർക്കാർ നൽകണം.
- പി.എസ് ജിനേഷ്
ഓടക്കയം വാർഡ് മെമ്പർ