bakrid

ദൈവത്തിനായി സ്വയം സമർപ്പിത ജീവിതം നയിച്ച ഇബ്രാഹിം നബി(അ)​യുടെയും പത്നി ഹാജറ ബീവിയുടെയും മകൻ ഇസ്മായിൽ നബി(അ)യുടെയും ത്യാഗപൂർണമായ ജീവിതത്തിന്റെ ഓർമ്മയിലാണ് ഇസ്‌ലാം മത വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ ആഘോഷിക്കുന്നത്. സത്കർമ്മങ്ങളിൽ മുഴുകിയും ഉറ്റവരെയും ഉടയവരെയും സന്ദർശിച്ചും സ്നേഹബന്ധങ്ങൾ ദൃഢമാക്കിയും സജീവമാക്കേണ്ട ദിനം കൂടിയാണിത്. മനസിൽ വിശുദ്ധിയും ആത്മീയബോധവും കാത്തുസൂക്ഷിച്ച് തക്ബീർ ധ്വനികൾ ഉരുവിട്ട് ആ‌ഡംബരവും അനാചാരങ്ങളും കടന്നുകൂടാതെ വേണം വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കാൻ. കഷ്ടതകളും ദുരിതങ്ങളും അനുഭവിക്കുന്നവരെ ചേർത്തുനിറുത്തിയല്ലാതെ ഈ ദിവസത്തെ ആഘോഷിക്കാനാവില്ല.

ഇബ്രാഹിം നബിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ത്യാഗപൂർണമായ ജീവിതത്തിന്റെ ഓർമ്മപുതുക്കലാണ് ഹജ്ജ് കർമ്മവും ബലിപെരുന്നാളും. വാർദ്ധക്യകാലത്ത് പിറന്ന മകൻ ഇസ്മായിലിനെ ദൈവാജ്ഞപ്രകാരം ബലിനൽകാൻ ഒരുങ്ങിയ ഇബ്രാഹിം നബിയെയും പുത്രസ്‌നേഹത്താലുള്ള ഹാജറാ ബീവിയുടെ പ്രവൃത്തികളെയും സ്‌മരിക്കുന്നതാണ് ഹജ്ജും പെരുന്നാളും അതുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളും.

ഇബ്രാഹിം നബിയോട് അല്ലാഹുവിന്റെ കൽപ്പനയെത്തി; പ്രിയപുത്രൻ ഇസ്മായിലിനെ ബലിയറുക്കണം. ദൈവ കൽപ്പന നടപ്പാക്കാൻ ഇബ്രാഹിം നബി തീരുമാനിച്ചു. ഇക്കാര്യം മകനോട് പറഞ്ഞപ്പോൾ,​ എതിർപ്പൊന്നും ഉയർത്തിയില്ലെന്ന് മാത്രമല്ല പടച്ചവന്റെ കൽപ്പന എന്താണോ അത് നടപ്പാക്കണമെന്ന് കൂടി പറയുകയും ചെയ്തു. ബലിയറുക്കാനായി വാളുയർത്തുന്നതിനിടെ പടച്ചവന്റെ സന്ദേശവുമായി സ്വർഗലോകത്ത് നിന്ന് ദൂതനെത്തി. ഇബ്രാഹിമിന്റെ ഭക്തിയിൽ അല്ലാഹു സംപ്രീതനായെന്നും മകന് പകരം ആടിനെ ബലിയറുക്കാൻ നിർദ്ദേശിച്ചിരിക്കുന്നുവെന്നും അറിയിച്ചു. ഇതിന്റെ ഓർമ്മപുതുക്കിയാണ് വിശ്വാസികൾ ഈ സുദിനത്തിൽ മൃഗബലി നിർവഹിക്കുന്നത്. ഭൗതികമായ പ്രലോഭനങ്ങളിൽ അടിമപ്പെടാതെ ദൈവ നിർദ്ദേശങ്ങൾക്ക് മുന്നിൽ സർവതും ത്യജിക്കാനുള്ള വലിയ സന്ദേശം കൂടിയാണിത്.

ഹജ്ജ് കർമ്മത്തിന്റെ ഭാഗമായ സഫ മർവ്വ പർവതങ്ങൾക്കിടയിലെ യാത്ര,​ മകന്റെ കരച്ചിൽ സഹിക്ക വയ്യാതെ ഒരിറ്റ് ദാഹനീരിനായി ഓടിയ ഹാജറ ബീവിയുടെ ഓർമ്മയിലാണ്. ലോകത്ത് കഷ്ടപ്പെടുന്ന ജനവിഭാഗത്തോട് ഐക്യപ്പെടാതെ ഈ ത്യാഗപൂർണമായ ജീവിതങ്ങളുടെ ഓർമ്മദിനം പൂർണമാകില്ല. യുദ്ധത്തിലും രോഗത്തിലും പട്ടിണിയിലും ഭരണകൂടത്തിന്റെ വേട്ടയാടലിലുമെല്ലാം പ്രയാസം അനുഭവിക്കുന്നവരോട് മനസുകൊണ്ടെങ്കിലും ചേർന്നുനിന്നു വേണം ആഘോഷം. രാഷ്ട്രീയ ചേരിതിരിവിന്റെ പേരിലും വിശ്വാസ ആചാരങ്ങളുടെ പേരിലും വംശീയതയുടെ പേരിലും അക്രമങ്ങൾ നേരിടുന്നവരെയും മഹാമാരിയും മാറാവ്യാധികളും കൊണ്ട് കഷ്ടപ്പെടുന്നവരെയും ഉൾക്കൊണ്ട്, അവർക്ക് വേണ്ടി ദൈവത്തോട് പ്രാർത്ഥിച്ച്, ദൈവാനുഗ്രഹങ്ങൾക്ക് നന്ദിപറഞ്ഞു വേണം പെരുന്നാൾ ദിനം പൂർത്തീകരിക്കാൻ.
ആഘോഷത്തിന്റെ പേരിലുള്ള ആഡംബരങ്ങളും അതിരുവിട്ട പ്രവർത്തനങ്ങളും ഒഴിവാക്കേണ്ടതാണ്. ഇത്തരം പ്രവൃത്തികളിൽ നിന്ന് വിട്ടുനിന്ന് ദൈവം അനുവദിച്ച രീതിയിലാണ് പെരുന്നാൾ ആഘോഷിക്കേണ്ടത്. ഹജ്ജ് കർമ്മം നിർവഹിക്കാൻ പുണ്യഭൂമിയിലെത്താൻ ഭാഗ്യം ലഭിച്ചിട്ടില്ലാത്തവർക്കും പെരുന്നാളിന് അനുഷ്ഠാനങ്ങളുണ്ട്. ആരോഗ്യപരമായ കഴിവുള്ളവർക്ക് അറഫ ദിവസം നോമ്പനുഷ്‌ഠിക്കൽ മഹത്തരമായ സുന്നത്താണ്. അത് പോലെ സാമ്പത്തികമായി കഴിവുള്ളവർ മൃഗബലി നടത്തുകയും വേണം. ബലിപെരുന്നാൾ ദിനത്തിൽ പുണ്യഭൂമിയിലെത്തി പാപമോചനം നേടുന്ന ജനലക്ഷങ്ങൾക്കൊപ്പം നാഥൻ നമ്മെയും ഉൾപ്പെടുത്താൻ നമുക്കും നന്മകളുടെ പാതകൾ സൃഷ്ടിക്കേണ്ടതുണ്ട്.
വഴിയിലെ ചെറുമുള്ളുകൾ പോലും എടുത്തുമാറ്റണമെന്ന് പഠിപ്പിച്ച, അയൽവാസി പട്ടിണി കിടക്കുമ്പോൾ വയറുനിറച്ച് ഭക്ഷണം കഴിക്കുന്നവർ നമ്മിൽ പെട്ടവനല്ലെന്ന അദ്ധ്യാപനം പകർന്നു നൽകിയ പ്രവാചകർ മുഹമ്മദ് നബി (സ)യുടെ അനുയായികളായ നാം ആ വാക്കുകൾ ശിരസ്സാവഹിക്കണം. സഹോദര മതസ്ഥരോടും സ്‌നേഹവും അനുകമ്പയും പുലർത്തുകയും അവരുടെ വിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും ബഹുമാനിക്കുകയും വേണം. ഇതിനെതിരായി പ്രവർത്തിക്കുന്നവരെ സമൂഹത്തിൽ ഒറ്റപ്പെടുത്തുകയും വിനാശകരമായ ആശയങ്ങളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.


മുസ്‌ലിം ലീഗ് സംഘടിപ്പിച്ച സൗഹൃദ സംഗമത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ ജില്ലകളും സന്ദർശിച്ച്, വിവിധ ജനവിഭാഗങ്ങളുടെ നേതാക്കളുമായി സംസാരിച്ചതിലൂടെ കേരളത്തിലെ ജനങ്ങൾ എന്താണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമായി. വർഗീയതയും അപര വിദ്വേഷവുമല്ല, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൈത്രിയുടെയും ശുദ്ധവായു ശ്വസിക്കാനാണ് ഇവിടുത്തെ ജനങ്ങൾ ആഗ്രഹിക്കുന്നത്. അതിന് വിരുദ്ധമായി വിശ്വാസികളുടെ മനസ്സ് വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തുന്നവർ ഏതെങ്കിലും മതത്തിന്റെ ആളുകളല്ല, അവർ മതത്തിന്റെ പേരിൽ വിശ്വാസികളെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്ന, മതം പഠിക്കാത്തവരാണ്. ഇത്തരം കുടില ശക്തികൾക്കെതിരെ വൈകാരികമായി പ്രതികരിക്കാതെ നിയമപരമായി നേരിടുകയാണ് വേണ്ടത്. ദേശസ്‌നേഹം വിശ്വാസത്തിന്റെ ഭാഗമായ ഇസ്‌ലാം മതത്തിൽ വിശ്വസിക്കുന്നവർ രാജ്യത്തിന്റെ നിയമം അനുസരിക്കേണ്ടവരാണ്.
ദൈവത്തിന്റെ ആജ്ഞകൾ അനുസരിക്കണമെന്നതാണ് ബലിപെരുന്നാൾ പകർന്നുനൽകുന്ന സന്ദേശം. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ,​ ദൈവം നിർബന്ധമാക്കി അനുഗ്രഹിച്ച ആഘോഷദിനമായ ഈ പെരുന്നാൾ സുദിനം പരസ്പര ഐക്യത്തിന്റെയും മതേതര സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും വേദിയായി മാറട്ടെ.

(ആത്മീയാചാര്യനും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റുമാണ് ലേഖകൻ )