biogas-plant

പൊന്നാനി: നഗരസഭയുടെ സഹകരണത്തോടെ കെ.എസ്.ആർ.ടി.സിയുടേയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിൽ പൊന്നാനിയിൽ സി.എൻ.ജി ബയോഗ്യാസ് പ്ലാന്റ് വരുന്നു. പൊന്നാനി കെ.എസ്.ആർ.ടി.സി ടെർമിനൽ കോമ്പൗണ്ടിലാണ് പദ്ധതി വരുന്നത്. നഗരത്തിലെ ജൈവമാലിന്യം സംസ്‌കരിച്ച് ബയോഗ്യാസാക്കി മാറ്റുന്നതാണ് പദ്ധതി. ഉത്പാദിപ്പിക്കുന്ന സി.എൻ.ജി ഗ്യാസ് കെ.എസ്.ആർ.ടി.സി വാഹനങ്ങളുടെ ഇന്ധനമായി ഉപയോഗിക്കും.

പ്ലാന്റിലേയ്ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ ഹോട്ടലുകൾ, ഓഡിറ്റോറിയങ്ങൾ, അറവുശാലകൾ തുടങ്ങിയിടങ്ങളിൽ നിന്ന് നഗരസഭയുടെ നേതൃത്വത്തിൽ ശേഖരിക്കും. പ്ലാന്റ് നിർമ്മിക്കാനുദ്ദേശിക്കുന്ന സ്ഥലം ശുചിത്വ മിഷൻ സംസ്ഥാന ഡയറക്ടർ അടക്കമുള്ള ടീം സന്ദർശിച്ചു.

പൊന്നാനി ഹാർബറിലെ ഫിഷർമെൻ ഫ്ളാറ്റ് സമുച്ഛയത്തിലും ടീം സന്ദർശനം നടത്തി. ഫ്ളാറ്റിലെ മലിന ജല സംസ്‌കരണത്തിനായി സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിർമിക്കുന്നതിന് ശുപാർശ ചെയ്യാൻ ധാരണയായി.

ശുചിത്വ മിഷൻ സംസ്ഥാന ഡയറക്ടർ ജ്യോതിഷ് ചന്ദ്രൻ, നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ഷീന സുദേശൻ, രജീഷ് ഊപ്പാല, നഗരസഭാ സെക്രട്ടറി കെ.എസ്. അരുൺ, ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഒ. ജ്യോതിഷ്, നഗരസഭാ എൻജിനിയർ സുജിത്ത് ഗോപിനാഥ്, ഹെൽത്ത് ഇൻസ്‌പെക്ടർ മോഹനൻ പി.പി, ശുചിത്വ മിഷൻ ജില്ലാ പ്രതിനിധികൾ തുടങ്ങിയവരാണ് സന്ദർശനം നടത്തിയത്.