
മലപ്പുറം: വേനലവധിക്ക് സ്കൂൾ അടച്ചിട്ടും വിമാന ടിക്കറ്റ് നിരക്കിലെ കൊള്ള കാരണം ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരാനാവാതെ പ്രവാസി കുടുംബങ്ങൾ. നാലംഗ കുടുംബത്തിന് നാട്ടിലെത്താൻ ഒന്നര ലക്ഷം രൂപയോളം ചെലവാകും. തിരിച്ചുപോവുന്ന ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലും ഇതേ നിരക്ക് നൽകേണ്ടിവരും. വേനലവധിയും ബലിപെരുന്നാളും ഒരുമിച്ചു വന്നതോടെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് നാലിരട്ടിയോളം വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രവാസികൾ ഏറെയുള്ള സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നാണ് നിരക്ക് വർദ്ധന കൂടുതൽ. ദുബായിൽ നിന്ന് കേരളത്തിലേക്ക് 35,000 രൂപയ്ക്ക് മുകളിൽ നൽകണം. സാധാരണഗതിയിൽ 8,000ത്തിനും 10,000ത്തിനും ഇടയിൽ ടിക്കറ്റ് ലഭിക്കാറുണ്ട്. ജിദ്ദയിൽ നിന്ന് 40,000 രൂപയാണ് കുറഞ്ഞ നിരക്ക്. ഓഫ് സീസണിൽ 15,000 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കാറുണ്ട്. സീസൺ മുൻകൂട്ടി കണ്ട് ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ ടിക്കറ്റുകൾ വാങ്ങി പൂഴ്ത്തിവയ്ക്കുന്നതും തിരിച്ചടിയായി.
വേണം കൂടുതൽ സർവീസ്
സീസണുകളിൽ ഗൾഫ് സെക്ടറുകളിൽ കൂടുതൽ സർവീസുകൾ ലഭ്യമാക്കിയാലേ ടിക്കറ്റ് കൊള്ള കുറയ്ക്കാനാവൂ. ആസിയാൻ, സാർക്ക് രാജ്യങ്ങളിലേക്ക് ഇന്ത്യയിലെ 18 വിമാനത്താവളങ്ങളിൽ നിന്ന് പരിധിയില്ലാതെ സർവീസ് നടത്താം. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങൾ ഈ പട്ടികയിലുണ്ട്. ഗൾഫ് രാജ്യങ്ങളുമായും സമാനമായ കരാർ കേന്ദ്രസർക്കാർ ഉണ്ടാക്കണമെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം.
എയർ ഇന്ത്യ എക്സ്പ്രസിലെ
ഇന്നത്തെ നിരക്ക്
( രൂപ )
റിയാദ് - കണ്ണൂർ................................. 31,635
കണ്ണൂർ - റിയാദ്................................. 19,254
അബൂദാബി - കോഴിക്കോട്...............35,205
കോഴിക്കോട് - അബൂദാബി................ 9,848
ജിദ്ദ - കോഴിക്കോട് :.............................41,733
കോഴിക്കോട് - ജിദ്ദ:..............................15,248
ദോഹ - കൊച്ചി :..................................51,285
കൊച്ചി - ദോഹ: ..................................22,038
ബഹറൈൻ - കൊച്ചി......................... 27,972
കൊച്ചി - ബഹറൈൻ..........................22,924
ദുബായ് - തിരുവനന്തപുരം...............36,285
തിരുവനന്തപുരം - ദുബായ് ..............16,220
ഷാർജ്ജ - തിരുവനന്തപുരം...............23,710
തിരുവനന്തപുരം - ഷാർജ്ജ.............. 14,290