പെരിന്തൽമണ്ണ: ചികിത്സക്കെത്തിയ യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഡോക്ടർ അറസ്റ്റിൽ. പട്ടിക്കാട് ചുങ്കത്തെ ജെ.ജെ ക്ലിനിക് ഉടമ ഡോക്ടർ സി.ടി ഷെരീഫിനെയാണ് ചികിത്സ തേടിയ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ യുവതി പട്ടിക്കാടുളള ക്ലിനിക്കിൽ ചികിത്സ തേടുന്ന ആളാണ്. കഴിഞ്ഞ ദിവസം തുടർ ചികിത്സക്ക് ക്ലിനിക്കിലെത്തിയ യുവതിയോട് പരിശോധനയുടെ പേര് പറഞ്ഞ് ലൈംഗികാതിക്രമം കാണിക്കുകയായിരുന്നുവെന്ന് മേലാറ്റൂർ ഇൻസ്‌പെക്ടർ എസ്. ഷാരോൺ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വൈകുന്നേരമാണ് ഡോക്ടറെ ക്ലിനിക്കിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. മേലാറ്റൂർ ഇൻസ്‌പെക്ടർ എസ്. ഷാരോൺ, എസ്.ഐ ഗംഗാധരൻ, എ.എസ്.ഐ ടി. ഷരീഫ്, സി.പി.ഒമാരായ ഷംസുദ്ധീൻ, സുരേന്ദ്രബാബു, അംബിക, ഹോം ഗാർഡ്മാരായ ശ്രീകുമാർ, ഇഖ്ബാൽ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.