fever

മലപ്പുറം: ജില്ലയുടെ മലയോര മേഖലകളിൽ ഡെങ്കി പനി പടരുന്നത് ആശങ്ക പടർത്തുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്ഥിരീകരിച്ച 13 ഡെങ്കിപ്പനി ബാധിതരിൽ പത്തും മലയോര മേഖലകളിലാണ്. കരുവാരക്കുണ്ട്,​ ചാലിയാർ,​ ചുങ്കത്തറ,​ അമരമ്പലം,​ മമ്പാട് എന്നിവിടങ്ങളിലാണ് ഡെങ്കി പനി സ്ഥിരീകരിച്ചിട്ടുള്ളത്. സംശയിക്കുന്ന ഡെങ്കിപ്പനി കേസുകൾ 20 എണ്ണമാണ്. മുൻ മാസങ്ങളെ അപേക്ഷിച്ച് ഡെങ്കി ബാധിതരുടെ എണ്ണം ജില്ലയിൽ വർദ്ധിക്കുന്നുണ്ട്. അതേസമയം പ്രളയശേഷം ജില്ലയുടെ ആരോഗ്യ മേഖലയ്ക്ക് തുടർച്ചയായി ഭീഷണി ഉയർത്തിയിരുന്ന എലിപ്പനി കേസുകൾ ഇത്തവണ കുറഞ്ഞത് ആരോഗ്യ മേഖലയ്ക്ക് ആശ്വാസമേകുന്നുണ്ട്. പത്ത് ദിവസത്തിനിടെ ഒരു എലിപ്പനി മാത്രമാണ് സ്ഥിരീകരിച്ചത്. തിരുവാലി പഞ്ചായത്തിലാണ് ഇത്. മലയോര മേഖലകളിൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ വേണ്ട വിധത്തിൽ നടന്നിരുന്നില്ല. റബ്ബർ തോട്ടങ്ങളിൽ കൊതുകുകൾ പെരുകാനുള്ള സാഹചര്യം ഫലപ്രദമായി തടയാനായില്ല.

പനിക്ക് കുറവില്ല

വൈറൽ പനി ബാധിതരുടെ എണ്ണം ജില്ലയിൽ അനുദിനം കൂടുകയാണ്. ജൂലായിൽ 15,​000ത്തിലധികം പേർക്ക് പനി ബാധിച്ചു. ആരോഗ്യ വകുപ്പിന്റെ കണക്കുപ്രകാരം വിവിധ സർക്കാർ ആശുപത്രികളിലായി കഴിഞ്ഞ ദിവസം 2,​534 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ജൂലായ് മാസത്തിൽ എല്ലാ ദിവസവും 2,​000ത്തിന് മുകളിൽ പേർക്ക് പനി ബാധിക്കുന്നുണ്ട്. ജൂൺ പകുതിയോടെയാണ് പനി ബാധിതരുടെ എണ്ണം 1,​500ന് മുകളിലെത്തിയത്. പനി ബാധിതരായ കുട്ടികളെ അസുഖം പൂർണ്ണമായും ഭേദമായതിന് ശേഷമേ സ്കൂളുകളിലേക്ക് പറഞ്ഞയക്കാവൂ എന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശം രക്ഷിതാക്കൾ മുഖവിലയ്ക്കെടുക്കാത്തതും രോഗ വ്യാപനം കൂട്ടുന്നുണ്ട്. സ്കൂളുകൾ വഴി വൈറൽ പനി വ്യാപിക്കുന്നത് ഇതിന്റെ തെളിവായും ചൂണ്ടിക്കാട്ടപ്പെടുന്നു.

സൂക്ഷിക്കണം,​ ഡെങ്കിയെ

രോഗലക്ഷണങ്ങൾ കാര്യമായി പ്രകടമാക്കാതെയും വൈറൽ പനി പോലെയും ഡെങ്കിപ്പനി വന്ന് പോകാം. എന്നാൽ ചിലപ്പോൾ രോഗിയുടെ ജീവന് തന്നെ ഭീഷണിയാകുന്ന ഡെങ്കു ഹെമറേജിക് ഫീവർ, ഡെങ്കു ഷോക്ക് സിൻഡ്രോം എന്നീ ഗുരുതരാവസ്ഥയും ഉണ്ടാകാം. ഡെങ്കിപ്പനി രണ്ടാമതും പിടിപെട്ടാൽ കൂടുതൽ ഗുരുതരമാകാം. ആദ്യം രോഗം വന്നുപോയത് ചിലപ്പോൾ അറിയണമെന്നില്ല. അതിനാൽ ഡെങ്കിപ്പനി ഉണ്ടായാൽ രണ്ടാമത് രോഗം വരുന്നതെന്ന രീതിയിൽ തന്നെ അതീവ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.