മലപ്പുറം: കാലവർഷം കനത്തതോടെ ഭീതിയിൽ കഴിയുകയാണ് കവളപ്പാറ മുത്തപ്പൻകുന്നിലെ തുടിമുട്ടി നിവാസികൾ. മഴ കൂടുതൽ ശക്തിയാർജിച്ചാൽ കുന്നിടിഞ്ഞ് അപകടം സംഭവിക്കുമെന്ന സാഹചര്യം കണക്കിലെടുത്ത് സബ് കളക്ടർ തുടിമുട്ടി നിവാസികളോട് പൂളപ്പാടം ജി.എൽ.പി സ്കൂളിലൊരുക്കിയ ക്യാമ്പിലേക്ക് മാറാൻ നിർദ്ദേശം നൽകി. 80 കുടുംബങ്ങളാണ് കുന്നിന്റെ താഴ് ഭാഗത്തായി താമസിക്കുന്നത്. 2019ലെ കവളപ്പാറ ദുരന്തത്തിന് പിന്നാലെ തുടിമുട്ടിയിലെ വിള്ളലും കണ്ടെത്തിയിരുന്നു. നേരത്തെ വിള്ളലുണ്ടായിരുന്ന ഭാഗത്തിന് മുകളിലായി മറ്റൊരു ചെറിയ വിള്ളലുമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മഴക്കാലമെത്തിയാൽ മുത്തപ്പൻകുന്നിലുള്ളവരോട് മാറി താമസിക്കാൻ പറയുന്നത് സ്ഥിരം സംഭവമാണെന്ന് വാർഡ് മെമ്പർ ദിലീപ് പറയുന്നു. പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് സുരക്ഷിതമായ വീടൊരുക്കണമെന്ന് നിരവധി തവണ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ലെന്നും ദിലീപ് പറഞ്ഞു.
ദുരന്ത ഭീതി ഒഴിഞ്ഞിട്ടില്ല
കവളപ്പാറ ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകൾ ഇനിയും വിട്ടുമാറിയിട്ടില്ല. ദുരന്തം കഴിഞ്ഞിട്ടും സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യവുമില്ല. കവളപ്പാറയിലെയും തുടിമുട്ടിയിലെയും അപകട സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രദേശത്തുള്ളവരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമരങ്ങളും അരങ്ങേറിയിരുന്നു. ഇത്തവണ കാലവർഷമെത്തുമ്പോഴും സമരങ്ങളും നിവേദനങ്ങളും മാത്രമാണ് ബാക്കി. രണ്ട് വർഷം മുമ്പാണ് അപകട സാഹചര്യത്തിൽ കഴിയുന്നവർക്ക് പുനരധിവാസം നൽകണമെന്ന ആവശ്യമറിയിച്ച് കോളനി കൂട്ടായ്മ കൺവീനറുമായ ദിലീപ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. ജിയോളജി റിപ്പോർട്ടുകൾ പരിശോധിച്ച് ആവശ്യമായ നടപടി എടുക്കണമെന്നാണ് കോടതി സർക്കാരിന് നിർദ്ദേശം നൽകിയത്. ചില കുടുംബങ്ങൾക്ക് സർക്കാർ വീട് നൽകിയിരുന്നു. എന്നാൽ ഏറെ അപകട സാദ്ധ്യതകളിൽ കഴിയുന്നവർ ധാരാളമുണ്ടെന്ന് ചൂണ്ടി കാണിച്ചിട്ടും നടപടിയെടുത്തിട്ടില്ല. മഴ കനക്കുമ്പോൾ താത്ക്കാലിക ക്യാമ്പ് ഒരുക്കൽ മാത്രമാണ് അധികൃതർ ചെയ്യാറുള്ളത്.
വീട് ലഭിച്ചത് 26 കുടുംബങ്ങൾക്ക്
കവളപ്പാറ ദുരന്തത്തിന്റെ ഭാഗമായി സർക്കാർ പുനരധിവാസം നൽകിയത് 26 കുടുംബങ്ങൾക്കാണ്. സർക്കാർ നൽകിയ 10 ലക്ഷം രൂപയിൽ വീട് നിർമ്മിച്ച് മാറി താമസിച്ചു. പ്രദേശത്തെ അപകട സാദ്ധ്യതകളുള്ള മറ്റു വീടുകളേയും ഉൾപ്പെടുത്തണമെന്ന ആവശ്യം അന്നുതന്നെ ഉയർന്നിരുന്നു. മുഖ്യമന്ത്രിക്കടക്കം നിവേദനം നൽകുകയും ചെയ്തിട്ടുണ്ട്.
അപകട സാഹചര്യത്തിൽ കഴിയുന്നവർ
തുടിമുട്ടി - 80 കുടുംബങ്ങൾ
കവളപ്പാറ - 75 കുടുംബങ്ങൾ
മഴ ശക്തിയാർജിക്കുമ്പോൾ ക്യാമ്പിലേക്ക് മാറ്റുകയെന്നത് താത്ക്കാലിക പരിഹാരം മാത്രമാണ്. അപകട സാഹചര്യങ്ങളിൽ കഴിയുന്നവർക്ക് വീട് നിർമിച്ച് നൽകാൻ സർക്കാർ തയ്യാറാവണം. നിരവധി സമരങ്ങൾ നടത്തിയിട്ടും ഫലമൊന്നും ഉണ്ടായിട്ടില്ല.
- ദിലീപ്
വാർഡമെമ്പർ