മലപ്പുറം: തുടിമുട്ടിയിൽ വിള്ളൽ രൂപപ്പെട്ട മലമ്പ്രദേശം പി.വി അൻവർ എം.എൽ.എ സന്ദർശിച്ചു. കനത്ത മഴയിൽ പ്രദേശത്ത് മലയിടിച്ചിൽ ആശങ്ക നിലനിൽക്കുന്നതിനാലാണ് എം.എൽ.എയും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചത്. കവളപ്പാറ ദുരന്തം നടന്നതിന്റെ മറുഭാഗത്തെ മലമ്പ്രദേശമാണിത്. മലമുകളിലെ കൂറ്റൻപാറയുടെ അടിഭാഗത്താണ് 35 മീറ്റർ നീളത്തിൽ വിള്ളൽ രൂപപ്പെട്ടത്. മഴവെള്ളം ഈ വിള്ളലിലൂടെ താഴേക്ക് ഇറങ്ങുകയാണ്. തുടിമുട്ടി മലയുടെ താഴ്‌വാരത്ത് 54 കുടുംബങ്ങളാണ് കഴിയുന്നത്. ഇതിൽ 48 കുടുംബം പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവരും ആറ് ജനറൽ വീടുകളുമാണ്. വീട്ടുകാരുമായി എം.എൽ.എയും പഞ്ചായത്തും സബ്കളക്ടർ, തഹസിൽദാർ എന്നിവർ സംസാരിച്ചു. തുടർന്ന് പോത്ത്കല്ല് പഞ്ചായത്ത് ഹാളിൽ യോഗം ചേർന്ന് ക്യാമ്പ് ആരംഭിക്കാൻ തീരുമാനിച്ചു. ജില്ലാ കളക്ടറുമായും ജിയോളജി വകുപ്പുമായും എം.എൽ.എ സംസാരിച്ചു. അഞ്ച് ക്യാമ്പുകൾ പ്രവർത്തനം തുടങ്ങി. ഫയർഫോഴ്സ്, വനം, പൊലീസ്, റവന്യൂ, പഞ്ചായത്ത് സംയുക്ത ടീമിനെ പഞ്ചായത്തിൽ വിന്യസിച്ചു. പി.വി അൻവർ എം.എൽ.എ, പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ്, നിലമ്പൂർ തഹസിൽദാർ എം.പി സിന്ധു, പോത്ത്കല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യ രാജൻ, വൈസ് പ്രസിഡന്റ് ഷാജി ജോൺ, പോത്ത്കല്ല് സ്റ്റേഷൻ ഹൗസ് ഓഫീസർ ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.