plan
ചമ്രവട്ടം സ്‌നേഹപാത

തിരൂർ: ചമ്രവട്ടം പാലം വന്ന ശേഷം ഭാരതപ്പുഴയോട് ചേർന്ന് പ്രകൃതിഭംഗി ആസ്വദിക്കാനായി കോടികൾ ചെലവിട്ട് നിർമ്മിച്ച ചമ്രവട്ടം സ്‌നേഹപാത ആർക്കും വേണ്ടാതെ തകർന്നടിയുന്നു. ആറുവർഷം മുൻപ് നിർമ്മാണമാരംഭിച്ച പദ്ധതി രണ്ടു ഘട്ടങ്ങളിലായാണ് പൂർത്തിയാക്കിയത്. ഇന്നിവിടം കന്നുകാലികളുടെയും സാമൂഹ്യ വിരുദ്ധരുടെയും താവളമാണ്.

പൊതുജനങ്ങൾക്ക് പാർക്ക് തുറന്നു കൊടുത്തുവെങ്കിലും തുടക്കം മുതലേ സാമൂഹ്യ വിരുദ്ധരുടെ ശല്യം കാരണം പാർക്കിന്റെ മുഖച്ഛായ നഷ്ടപ്പെട്ടു. കഴിഞ്ഞ രണ്ടു പ്രളയത്തിൽ പാർക്കിലെ മിനി ഓഡിറ്റോറിയവും നടപ്പാതയും പൂർണ്ണമായും തക‌ർന്നിരുന്നു. കെ.ടി. ജലീൽ എം. ൽ. എയുടെ വികസന ഫണ്ടിൽ നിന്നും രണ്ടരക്കോടി ചെലവഴിച്ചു പാർക്ക് നവീകരിച്ചെങ്കിലും നോക്കാൻ ജീവനക്കാരില്ലാത്തതിനാൽ കാട് പിടിച്ചു കിടക്കുന്ന പാർക്ക് വീണ്ടും പഴയപടിയായി. നിരവധി പേർ കുടുംബത്തോടൊപ്പം സന്ദർശിക്കാനെത്തിയിരുന്ന ഇവിടം ശരിയായ പരിപാലിച്ചാൽ വീണ്ടും തിരക്കേറിയ വിശ്രമകേന്ദ്രമാവും . അതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.