d
തൊഴിലുറപ്പിക്കാൻ ജീവൻ നൽകേണ്ടിവരുമോ; ആശങ്കയിൽ വയോധികർ

പെരിന്തൽമണ്ണ: മഴ ശക്തമാവുകയും തോടുകളിൽ വെള്ളം കൂടുകയും ചെയ്തതോടെ തോടിന്റെ തീരത്ത് കയർ ഭൂവസ്ത്രം വിരിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ആശങ്കയിൽ. അങ്ങാടിപ്പുറം പഞ്ചായത്തിലെ ചെറുപുഴയുടെ കൈവരിയായ കുതിരപ്പാലത്തിന് സമീപത്തെ തോടിന്റെ തീരത്ത് കയർ ഭൂവസ്ത്രം വിരിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളിൽ പലരും വയോധികരാണ്. ജീവൻ പണയം വെച്ച് തൊഴിലെടുക്കേണ്ട ഗതികേടിലാണിപ്പോൾ ഇവർ. ജീവിത പ്രാരാബ്ദം മൂലം ജോലിക്കിറങ്ങേണ്ടി വന്നവർ ഒന്ന് കാല് വഴുതി തോട്ടിലേക്ക് വീണാൽ അവസാനിക്കുന്ന വിലപ്പെട്ട ജീവനെ കാക്കാൻ കരുതലോടെയാണിപ്പോൾ ജോലി ചെയ്യുന്നത്. എന്നാൽ ഏത് നിമിഷവും അപകടം പതിയിരിക്കുന്നതാണ് ഇവരുടെ ആശങ്കയ്ക്ക് കാരണമാകുന്നത്.

തൊഴിലുറപ്പ് തൊഴിലാളികളെ കുരുതി കൊടുക്കുന്ന സമീപനമാണ് പഞ്ചായത്ത് അധികൃതർ സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്. സർക്കാരും കേന്ദ്ര കാലാവസ്ഥാ വിദഗ്ദരും മഴ മുന്നറിയിപ്പുകൾ നൽകുമ്പോഴാണ് ഈ അപകട ജോലി തുടരുന്നത്.

തൊഴിലാളികളുടെ ജീവൻ പണയം വെച്ചുള്ള ഇത്തരം പ്രവൃത്തികളിൽ ഉന്നത അധികൃതരുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.