photo

ജൂണിൽ മഴക്കാലം തുടങ്ങുമെന്നത് ചെറിയ കുട്ടികൾക്ക് പോലുമറിയാം. 2018ലെ ആദ്യപ്രളയം മുതൽ മൺസൂൺ മഴയുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ കേരളം ഏറെ ചർച്ചചെയ്തതുമാണ്. തീവ്രമഴയ്ക്ക് പിന്നാലെ പ്രളയവും ഉരുൾപൊട്ടലും മുൻവർഷങ്ങളിൽ നിരവധി പേരുടെ ജീവനെടുത്തു. എന്നാൽ ഇതൊന്നും അറിഞ്ഞിട്ടേയില്ലെന്ന മട്ടിലാണ് അധികൃതർ. കേരളത്തിന്റെ നെഞ്ചകം പിളർത്തിയ ദുരന്തമായിരുന്നു കവളപ്പാറയിലേത്. 59 ജീവനുകളാണ് പൊലിഞ്ഞത്. ഇന്നും അതിന്റെ നടുക്കുന്ന ഓർമ്മകൾ കവളപ്പാറക്കാരെ വിട്ടൊഴിഞ്ഞിട്ടില്ല. പ്രിയപ്പെട്ടവരെ ഒന്നാകെ മരണം വിളിച്ചുകൊണ്ടുപോയ നിമിഷം എങ്ങനെ അവർക്ക് മറക്കാനാവും. എല്ലാ വർഷവും ജൂണിൽ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കുള്ള ഇവരുടെ ഓട്ടം ഓർമ്മകളുടെ മുറിവാഴം കൂട്ടുന്നുണ്ട്. സുരക്ഷിത സ്ഥലത്ത് പുനരധിവാസം ഒരുക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. ദുരന്തത്തിന് നേരിട്ട് ഇരകളായ ആദിവാസികൾ ഒഴികെയുള്ള കുടുംബങ്ങളുടെ പുനരധിവാസം ഏറെക്കുറേ പൂർണ്ണമായിട്ടുണ്ടെങ്കിലും ദുരന്തഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവരെ പൂർണമായും സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാർപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാൻ ഇതുവരെ അധികൃതർ തയ്യാറായിട്ടില്ല.

മുത്തപ്പൻ കുന്നിൽ വീണ്ടും വിള്ളൽ

കാലവർഷം കനത്തതോടെ കടുത്ത ഭീതിയിലാണ് കവളപ്പാറ മുത്തപ്പൻകുന്നിലെ തുടിമുട്ടി നിവാസികൾ. 2019ലെ കവളപ്പാറ ദുരന്തത്തിന് പിന്നാലെ തുടിമുട്ടിയിലും വിള്ളൽ കണ്ടെത്തിയിരുന്നു. നേരത്തെ വിള്ളലുണ്ടായിരുന്ന ഭാഗത്തിന് മുകളിലായി മറ്റൊരു വിള്ളൽ കൂടി ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. മഴ ശക്തമായതോടെ കുന്നിടിഞ്ഞ് അപകടം സംഭവിക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് സബ് കളക്ടർ തുടിമുട്ടി നിവാസികളോട് പൂളപ്പാടം ജി.എൽ.പി സ്കൂളിലൊരുക്കിയ ക്യാമ്പിലേക്ക് മാറാൻ നിർദ്ദേശിച്ചിട്ടുണ്ട്. 80 കുടുംബങ്ങളാണ് മുത്തപ്പൻകുന്നിന്റെ താഴ് ഭാഗത്തായി താമസിക്കുന്നത്. മഴക്കാലമെത്തിയാൽ ഇവരോട് മാറി താമസിക്കാൻ പറയുന്നത് പതിവാണ്. അടിസ്ഥാന സൗകര്യങ്ങൾ പോലും പരിമിതമായ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളുടെ അവസ്ഥയും ദയനീയമാണ്. പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് സുരക്ഷിതമായ വീടൊരുക്കണമെന്ന് നിരവധി തവണ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ലെന്ന് വാർഡ് മെമ്പർ ദിലീപ് പറഞ്ഞു. കവളപ്പാറ ദുരന്തത്തെ തുടർന്ന് 26 കുടുംബങ്ങളെ മാത്രമാണ് സർക്കാർ പുനരധിവസിപ്പിച്ചത്. പ്രദേശത്തെ അപകട സാദ്ധ്യതയുള്ള മറ്റു കുടുംബങ്ങളെയും പുനരധിവസിപ്പിക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർത്തിയിരുന്നു. മുഖ്യമന്ത്രിക്കടക്കം നിവേദനവും നൽകിയിരുന്നു.

സമാധാനമില്ലാത്ത ദിനങ്ങൾ

കവളപ്പാറ ദുരന്തത്തിന് ശേഷം മുത്തപ്പൻ കുന്നിന് സമീപത്തുള്ള കുടുംബങ്ങൾക്ക് മഴക്കാലം എത്തിയാൽ പിന്നെ സമാധാനത്തോടെ ഉറങ്ങാനാവില്ല. ദുരന്തഭീഷണി തലയ്ക്ക് മുകളിൽ നിൽക്കുമ്പോൾ എങ്ങനെ ഉറങ്ങാനാവും. കവളപ്പാറയിലെയും തുടിമുട്ടിയിലെയും അപകട സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രദേശത്തുള്ളവരെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളും അരങ്ങേറിയിരുന്നു. ഓരോ കാലവർഷമെത്തുമ്പോഴും ബാക്കിയാവുന്നത് സമരങ്ങളും നിവേദനങ്ങളും മാത്രം. രണ്ട് വർഷം മുമ്പ് കവളപ്പാറയിലും സമീപപ്രദേശങ്ങളിലും അപകട സാഹചര്യത്തിൽ കഴിയുന്നവർക്ക് പുനരധിവാസം ഉറപ്പാക്കണമെന്ന ആവശ്യവുമായി കോളനി കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജിയോളജി റിപ്പോർട്ടുകൾ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കണമെന്ന് ഹൈക്കോടതി സർക്കാരിന് നിർദ്ദേശവുമേകി. എന്നാൽ കവളപ്പാറയിലെ ഏതാനും കുടുംബങ്ങൾ മാത്രമാണ് പുനരധിവാസ പദ്ധതികളിൽ ഇടംപിടിച്ചത്. ഏത് നിമിഷവും അപകടം പ്രതീക്ഷിച്ച് കഴിയുന്നവർ മുത്തപ്പൻ കുന്നിന് സമീപത്തുണ്ടായിട്ടും പുനരധിവാസമെന്ന ഇവരുടെ ആവശ്യം സർക്കാർ മുഖവിലയ്ക്കെടുത്തിട്ടില്ല. മഴക്കാലം ശക്തമാവുന്നതോടെ ഇവരെ താത്ക്കാലിക ക്യാമ്പുകളിലേക്ക് മാറ്റുകയാണ് പതിവ്. മുൻവർഷങ്ങളിൽ ആഗസ്റ്റോടെയാണ് ക്യാമ്പുകളിലേക്ക് മാറ്റേണ്ട സാഹചര്യം വരാറുള്ളത്. എന്നാൽ ഇത്തവണ നേരത്തെ മഴ കനത്തതോടെ കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.

അടിപൊളിയല്ല കോട്ടക്കുന്നിലെ ജീവിതം

കവളപ്പാറക്കാരുടെ ജീവനിൽ മാത്രമല്ല,​ മലപ്പുറം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കോട്ടക്കുന്ന് പാർക്കിന് സമീപത്തെ കുടുംബങ്ങളുടെ കാര്യത്തിലും അധികൃതർക്ക് ഒരേ മനോഭാവമാണ്. സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലുള്ള മലപ്പുറം ജില്ലയിലെ പ്രധാന പാർക്കാണ് കോട്ടക്കുന്നിലേത്. പേര് അന്വർത്ഥമാക്കുംവിധം കുന്നായിരുന്ന പ്രദേശം തനത് സ്വഭാവമെല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ്. 2019 ആഗസ്റ്റിലുണ്ടായ ഉരുൾപൊട്ടൽ കോട്ടക്കുന്ന് പാർക്കിന്റെ ചരിവിൽ താമസിക്കുന്ന ഒരുവീട്ടിലെ മൂന്ന് പേരുടെ ജീവൻ കവർന്നെടുത്തിരുന്നു. ഇതിനുശേഷം ജിയോളജി വകുപ്പ് നടത്തിയ പരിശോധനയിൽ പ്രദേശത്ത് മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ടെന്നും കണ്ടെത്തി. പതിമൂന്നോളം കുടുംബങ്ങളാണ് ഇവിടെ ജീവനും മുറുകെ പിടിച്ച് താമസിക്കുന്നത്.

മഴ കനത്താൽ കോട്ടക്കുന്ന് പാർക്ക് അടച്ചിടുകയും അപകട ഭീഷണി മുന്നറിയിപ്പും നൽകാറുണ്ട്. എന്നാൽ കോട്ടക്കുന്ന് പരിസരത്ത് താമസിക്കുന്നവരെ അപകട സാദ്ധ്യത ഉണ്ടാവുമ്പോൾ മാത്രം എം.എസ്.പി സ്കൂളിലെ താത്ക്കാലിക ക്യാമ്പിലേക്ക് മാറ്റാമെന്ന മട്ടിലാണ് സർക്കാർ സംവിധാനങ്ങൾ. 2019ലെ അപകടം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന കുടുംബങ്ങളുടെ പുനരധിവാസമോ, താത്ക്കാലികമായി ചെയ്യേണ്ട ഡ്രെയിനേജ് സംവിധാനങ്ങളോ ഒരുക്കാൻ നഗരസഭയും മുന്നോട്ടുവന്നിട്ടില്ല. മുന്നറിയിപ്പിന് പിന്നാലെ വീട്ടിലെ സാധനങ്ങളെല്ലാം എടുത്ത് ക്യാമ്പിലേക്ക് മാറണം. അപകടാവസ്ഥ മാറിയെന്ന് ഉറപ്പായാൽ മാത്രമേ തിരിച്ച് വീട്ടിലേക്ക് വരാൻ കഴിയൂ. രാത്രിയിൽ മഴ ശക്തിയായി പെയ്താൽ ഭയത്താൽ ഉറങ്ങാൻ പോലും കഴിയാറില്ലെന്ന് നാട്ടുകാർ പറയുന്നു. സ്ത്രീകളും പുരുഷന്മാരുമടക്കം മുഴുവൻ കുടുംബങ്ങളേയും ഒരു ഹാളിൽ താമസിപ്പിക്കുന്ന സംവിധാനമാണ് ദുരിതാശ്വാസ ക്യാമ്പിലുള്ളത്. എല്ലാ വർഷവും ക്യാമ്പ് ജീവിതം തുടരേണ്ടിവരുന്നതിനാൽ മക്കളുടെ കല്യാണങ്ങൾ മുടങ്ങുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.

അന്നേ പറഞ്ഞു,​ ആരും കേട്ടില്ല

നല്ല കാറ്റേറ്റ് സ്വസ്ഥമായി ഇരിക്കാൻ പറ്റുന്ന പ്രദേശമായിരുന്നു കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ കോട്ടക്കുന്ന് പാർക്ക്. മാറിമാറി വരുന്ന സർക്കാരുകൾ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടക്കുന്നിനെ വികസിപ്പിച്ചു കൊണ്ടേയിരുന്നു. കോട്ടക്കുന്നിന്റെ തനത് സ്വഭാവം നശിപ്പിച്ച് കോൺഗ്രീറ്റ് കാടാക്കി മാറ്റരുതെന്ന ആവശ്യം പരിസ്ഥിതി സംഘടനകൾ നിരന്തരം ഉന്നയിച്ചിരുന്നെങ്കിലും ആരും ചെവികൊണ്ടില്ല. കുന്നിൻ ചരിവിൽ നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളം പല ദിശകളിലേക്ക് ഒഴുകിപ്പോവുന്ന സ്വാഭാവിക സംവിധാനം ഇവിടെയുണ്ടായിരുന്നു. ടൂറിസത്തിന്റെ പേരിലുള്ള അശാസ്ത്രീയമായ വികസന പ്രവൃത്തികളെ തുടർന്ന് വെള്ളം ഒഴുകിയിരുന്ന ചാലുകളെല്ലാം ഇല്ലാതായി. ഇപ്പോഴും വെള്ളം ഒഴുകി പോവാനുള്ള സംവിധാനങ്ങളൊന്നും ഇവിടെയില്ല.

ഓരോ വർഷവും കോട്ടക്കുന്നിൽ പുതിയ വികസന പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ടൂറിസം വകുപ്പിന് മികച്ച വരുമാനം ലഭിക്കുന്ന തരത്തിലേക്ക് കോട്ടക്കുന്ന് പാർക്ക് ഉയരുകയും ചെയ്തു. ഇതിനൊപ്പം കുന്നിൽ ചെരുവിൽ താമസിക്കുന്ന മനുഷ്യരുടെ ആധിയും ഉയർന്നുകൊണ്ടേയിരുന്നു. എന്നാൽ ഇത് കേൾക്കാനോ,​ അന്വേഷിക്കാനോ ആരും തയ്യാറായിട്ടില്ല. കോട്ടക്കുന്നിന് മുകളിൽ പെയ്യുന്ന വെള്ളം ഒലിച്ചുപോവാൻ ശാസ്ത്രീയ സംവിധാനങ്ങൾ ഒരുക്കണമെന്ന ആവശ്യം ‌ഡി.ടി.പി.സിയോ,​ നഗരസഭയോ കേട്ട മട്ടില്ല. കാലവർഷം ശക്തിയാർജിക്കുമ്പോൾ നഗരസഭ അധികൃതരെത്തി ക്യാമ്പിലേക്ക് മാറിത്താമസിക്കാൻ നിർദ്ദേശിക്കാറുണ്ട്. എന്നാൽ ഇത്തവണ പ്രശ്നത്തിന് പരിഹാരം കാണാതെ മാറിതാമസിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.