
മലപ്പുറം: ജൂൺ, ജൂലായ് മാസങ്ങൾ ചെമ്മീൻ കൊയ്ത്തിന്റെ കാലമാണ്. എന്നാൽ ഇത്തവണ ചെമ്മീൻ പോയിട്ട് നീളമുള്ള മത്തി പോലും കിട്ടാനില്ല. 10 സെന്റിമീറ്ററിന് താഴെയുള്ള കുഞ്ഞൻ മത്തികളെ പിടിച്ചാൽ ഫിഷറീസ് വകുപ്പ് കണ്ണുരുട്ടും. വള്ളവുമായി കടലിൽ പോവണമെങ്കിൽ തീ വിലയ്ക്ക് മണ്ണെണ്ണ വാങ്ങി ഒഴിക്കണം. കാലമൊരുപാടായി മണ്ണെണ്ണ വള്ളങ്ങൾ ഉപയോഗിക്കുന്നവരുടെ സ്ഥിതി ഇങ്ങനെയാണ്. പെർമിറ്റ് മണ്ണെണ്ണയ്ക്കും വില കൂടിയതോടെ വള്ളങ്ങൾ വിൽപ്പനയ്ക്ക് വച്ചവരും ജില്ലയിലുണ്ട്. ആറ് രൂപയാണ് കഴിഞ്ഞ ഒരാഴ്ച്ചക്കിടെ മണ്ണെണ്ണയ്ക്ക് വർദ്ധിച്ചത്. ഒരുമാസം ആയിരം രൂപയ്ക്ക് മീതെ പെർമിറ്റ് മണ്ണെണ്ണയ്ക്ക് മാത്രമായി അധികമായി കരുതണം. എപ്പോഴെങ്കിലും ലഭിക്കുന്ന തുച്ഛമായ സബ്സിഡി കൊണ്ട് പ്രയോജനവുമില്ല. മത്സ്യത്തൊഴിലാളികൾ മിക്കവരും എല്ലാ ദിവസവും കടലിൽ പോകുന്നവരാണ്. ഒരു ദിവസം മീൻ കിട്ടിയില്ലെങ്കിൽ അന്നേ ദിവസത്തെ മണ്ണെണ്ണയും മറ്റും നഷ്ടമാവുകയും ചെയ്യും. മണ്ണെണ്ണയ്ക്ക് വില വർദ്ധിച്ചത് ഇവരെ കാര്യമായി ബാധിക്കുന്നുണ്ടെന്ന് മത്സ്യഫെഡ് തന്നെ സമ്മതിക്കുന്നുണ്ട്. ലോണെടുത്തും മക്കളുടെ ആഭരണങ്ങൾ വിറ്റുമൊക്കെ വലിയ പ്രതീക്ഷകളുമായി കടലിലേക്ക് പോവുമ്പോൾ നിരാശയോടെയാണ് മിക്കപ്പോഴും മടക്കമെന്ന് മലപ്പുറം അഴീക്കലിലെ മത്സ്യത്തൊഴിലാളികൾ പറയുന്നു.
പെർമിറ്റിൽ കാര്യമില്ല, കരിഞ്ചന്ത പൊള്ളും
പെർമിറ്റ് പ്രകാരം ലഭിക്കുന്ന മണ്ണെണ്ണയൊന്നും രണ്ട് ദിവസത്തേക്ക് പോലും തികയില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 200 ലിറ്റർ വരെ ഒരു ദിവസം വേണ്ടി വരും. പെർമിറ്റിൽ കിട്ടുന്നത് ഒരു മാസത്തേക്ക് ആകെ 140 ലിറ്റർ മണ്ണെണ്ണയാണ്. കരിഞ്ചന്തയിൽ നിന്ന് കിട്ടുന്ന മണ്ണെണ്ണയ്ക്ക് ഉയർന്ന വില കൊടുക്കുകയും വേണം. 150 രൂപയ്ക്ക് മുകളിലാണ് കരിഞ്ചന്തയിലെ വില. കടൽ പ്രക്ഷുബ്ദമാവുമ്പോൾ സർക്കാർ കടലിൽ പോവരുതെന്ന് നിർദ്ദേശം നൽകും. ഇങ്ങനെ ദിവസങ്ങളോളം കടലിൽ പോവാൻ കഴിയാതെ ദുരിതമനുഭവിക്കണം. മണ്ണെണ്ണയുടെ വില കുറച്ച് കടക്കെണിയിൽ നിന്ന് രക്ഷിക്കണമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ലംബോർഡിനിയിലാണ് പ്രതീക്ഷ
നിലവിലെ മണ്ണെണ്ണ വള്ളങ്ങളുടെ എൻജിൻ മാറ്റി പുതിയ ലംബോർഡിനി എൻജിൻ വച്ചാൽ കുറഞ്ഞ മണ്ണെണ്ണയിൽ തന്നെ കൂടുതൽ ദൂരം പോവാൻ കഴിയുമെന്ന് മത്സ്യഫെഡ് അധികൃതർ പറയുന്നു. ലംബോർഡിനി എൻജിനുകൾ വിതരണം ചെയ്യാനും മത്സ്യഫെഡ് പദ്ധതിയിടുന്നുണ്ട്. കടൽ പ്രക്ഷുബ്ദമാവുന്ന സമയങ്ങളിൽ ലംബോർഡിനി എൻജിൻ കൂടുതൽ സമയം പ്രവർത്തിപ്പിക്കാനാവില്ല. എങ്കിലും സാധാരണ എൻജിനും വള്ളങ്ങളിൽ കരുതിയാൽ ഈ പ്രതിസന്ധിയെ മറികടക്കാനാവുമെന്നും അധികൃതർ പറയുന്നു.
ഒരു ലിറ്റർ മണ്ണെണ്ണയുടെ വില -143
ഈ മാസം കൂടിയത് - ആറ് രൂപ
കരിഞ്ചന്തയിലെ വില -150
ഒരു മാസത്തേക്ക് പെർമിറ്റിൽ ലഭിക്കുന്നത്
9.9 എച്ച്.പി - 140 ലിറ്റർ
25 എച്ച്.പി - 190 ലിറ്റർ
മത്സ്യബന്ധന മേഖല തകർന്നുകൊണ്ടിരിക്കുകയാണ്. അഴീക്കലിൽ കൂടുതൽ പേരും ഉപയോഗിക്കുന്നത് മണ്ണെണ്ണ വള്ളങ്ങളാണ്. കഷ്ടപ്പെട്ട് കടലിൽ ചെന്നിട്ടിപ്പോൾ കാര്യമായി മീനും കിട്ടാനില്ല. ഇനി എന്തു ചെയ്യണമെന്നും അറിയില്ല
- ഉമ്മർ, മത്സ്യത്തൊഴിലാളി
അഴീക്കൽ