
പൊന്നാനി: ഇൻസ്റ്റഗ്രാം വഴി പൊന്നാനി സ്വദേശിയായ എൻജിനിയറിംഗ് വിദ്യാർത്ഥിയായ 19 കാരിയെ അപമാനിച്ച കേസിൽ കോഴിക്കോട് കക്കോടി സ്വദേശി പേരാറ്റിൽ ഹൗസിൽ ആദർശ് (25) അറസ്റ്റിൽ. കഴിഞ്ഞ ഫെബ്രുവരി മുതലാണ് ഇയാൾ പെൺകുട്ടിയെ സോഷ്യൽ മീഡിയ വഴി അപമാനിച്ചത്. നേരത്തെ യുവാവുമായി പെൺകുട്ടിക്ക് സൗഹൃദമുണ്ടായിരുന്നു. അന്നേരം നടത്തിയ ചാറ്റുകൾ ഇയാൾ ഇൻസ്റ്റഗ്രാമിൽ യുവതിയുടെ പേരിൽ വ്യാജ ഐഡി ഉണ്ടാക്കി യുവതിയുടെ കൂട്ടുകാരികൾക്ക് അയച്ചുകൊടുക്കുകയായിരുന്നു. യുവതി സൗഹൃദത്തിൽ നിന്ന് പിന്മാറിയ ദേഷ്യത്തിനാണ് ഇയാൾ യുവതിയെ അപമാനിച്ചത്. തുടർന്ന് കോളേജിൽ പോകാൻ കഴിയാത്ത സാഹചര്യമായതോടെ പെൺകുട്ടി പൊന്നാനി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.