
കൊച്ചുപെൺകുട്ടികൾ, അമ്മയുടെ ഷാൾ സാരി പോലെ ചുറ്റി കണ്ണാടിക്ക് മുന്നിൽ ഇഷ്ടത്തോടെ നോക്കുന്നത് കണ്ടിട്ടില്ലേ. കുഞ്ഞുമനസ്സിൽ പതിയുന്ന സാരിയോടുള്ള ഇഷ്ടവും കൗതുകവും മുതിർന്നാൽ മിക്കവരും കൈവിടാറാണ് പതിവ്. എന്താവും കാരണം?.
"സാരി ഉടുക്കാനേ പ്രയാസമാണ്. ഉടുത്താലോ വേച്ചു വേച്ചു നടക്കേണ്ടിയും വരും". മിക്ക സ്ത്രീകളും പറയും. ശരിക്കും, സാരി അത്ര ബുദ്ധിമുട്ടുള്ള വസ്ത്രമാണോ. ഈ ചോദ്യം ഫേയ്സ്‌ബുക്ക് കൂട്ടായ്മയായ സാരി ഇൻ സ്റ്റൈലിലെ 13,000ത്തോളം വരുന്ന പെൺകൂട്ടങ്ങളോടെങ്കിൽ അവർ പറയും, ഉടുക്കാൻ പ്രേരിപ്പിക്കുന്ന സാരിക്കഥകൾ.
ഇന്ന് കിമോണോ, നാളെ നമ്മുടെ സാരി
സാരി പോലെ പ്രശസ്തമായിരുന്ന ജപ്പാനിലെ പാരമ്പര്യ വസ്ത്രമായ കിമോണോയെ ഇന്ന് കാണണമെങ്കിൽ മ്യൂസിയങ്ങളിൽ പോവണം. നാളെ സാരിക്കും ഈ അവസ്ഥ വരില്ലെന്ന് എങ്ങനെ പറയാനാവും. സാരിപ്രേമിയും മലപ്പുറം താനൂർ സ്വദേശിയും സൈക്കോളജിസ്റ്റുമായ ജസീന ബക്കറിനെ ഈ ചിന്ത കൊളുത്തിവലിച്ചു.മറ്റെല്ലാം വസ്ത്രങ്ങളെയും പോലെ തന്നെ സാരിയും കംഫർട്ടാണ്. ഇത് ലോകത്തോട് ഉറക്കെ പറണമെന്ന് തോന്നി.
സാരിക്കൂട്ടായ്മയുടെ കഥ
2016 നവംബർ 16ന് ഫെയ്സ്ബുക്കിൽ സാരി ഇൻ സ്റ്റൈൽ എന്ന കൂട്ടായ്മ തുടങ്ങാൻ പ്രേരിപ്പിച്ചത് ഇതായിരുന്നു. ഇന്നീ കൂട്ടായ്മയിൽ വിവിധ ദേശക്കാരും ഭാഷക്കാരുമായ 13,000ത്തോളം സാരിപ്രേമികളുണ്ട്. എല്ലാവരെയും ഒന്നിപ്പിച്ചത് സാരിയോടുള്ള സ്നേഹത്തിന്റെ ഇഴയടുപ്പം. എല്ലാ തിങ്കളാഴ്ചയും ഗ്രൂപ്പിൽ സാരിക്കായി ഒരുവിഷയം പോസ്റ്റ് ചെയ്യും. വെഡ്ഡിംഗ് സാരി, അമ്മയുടെ സാരി, ആദ്യ സാരി, പ്രഗ്നന്റ് സാരി, സമ്മർ സാരി എന്നിങ്ങനെ വിഷയങ്ങളായിരിക്കും. അമ്മയുടെ സാരി എന്നതാണ് വിഷയമെങ്കിൽ അംഗങ്ങൾ അവരുടെ അമ്മയുടെ സാരിയുടുത്ത് ഗ്രൂപ്പിൽ ഫോട്ടോയിടണം. ഏത് സാരിയും എപ്പോൾ വേണമെങ്കിലും അനായാസമായി ഉടുക്കാമെന്ന് ലോകത്തോട് പ്രഖ്യാപിക്കുകയാണ് ലക്ഷ്യം.
സൂംബയും സഫാരിയും സിസ്റ്റർഹുഡും
ഏത് സാഹചര്യത്തിലും സാരി അനുയോജ്യമാണെന്ന് പ്രവർത്തിയിലൂടെ തെളിയിക്കണമെന്ന തീരുമാനം 2017 മേയിൽ ഗ്രൂപ്പംഗങ്ങളായ 21 പേരെയെത്തിച്ചത് ദുബായിലായിരുന്നു. മരുഭൂമിയിലൂടെ സാരിയുടുത്തുള്ള സഫാരിയായിരുന്നു ലക്ഷ്യം. ഒട്ടകപ്പുറത്ത് കയറുന്നതിലുള്ള പ്രയാസം ഒഴിച്ചുനിർത്തിയാൽ മറ്റെല്ലാം ഈസിയായി ചെയ്യാനായി. സഫാരിക്ക് ജീൻസോ ചുരിദാറോ ധരിക്കണമെന്ന അലിഖിത നിയമം തിരുത്തി. പിന്നാലെ കൊച്ചിയിൽ ചുമ്മാ ഒരു സൂംബ എന്ന പേരിൽ സൂംബ ഡാൻസും ബ്രേക്കിംഗ് ദ സ്റ്റീരിയോ ടൈപ്പ് എന്ന പേരിൽ പ്രായമായവരെയടക്കം ഉൾപ്പെടുത്തി സാരി റാംപും നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടു. സാരി സഖിയ സംഘ് എന്ന പേരിൽ 2016ൽ കൊച്ചിയിൽ ഗ്രൂപ്പംഗങ്ങളുടെ ആദ്യ സംഗമവും പിന്നാലെ യു.എസ്, യു.കെ, ദുബായ്, ബാംഗ്ലൂർ, പൂനെ, ചെന്നൈ, മുബൈ എന്നിവിടങ്ങളിലും സംഗമങ്ങൾ നടന്നു. ചർച്ചയെല്ലാം കേന്ദ്രീകരിക്കുക സാരിയിൽ.
കൂട്ടായ്മയിലൂടെ അംഗങ്ങൾക്കിടയിൽ ആത്മബന്ധവും വളരുന്നുണ്ട്. വില കൂടിയ സാരികളടക്കം ധാരാളമായി കളക്ട് ചെയ്യുന്നവർ ഗ്രൂപ്പിലുണ്ട്. എല്ലാവർക്കും എല്ലാ സാരിയും വാങ്ങാൻ കഴിയില്ലല്ലോ. തനിക്കില്ലാത്ത ഒരു റെയർ വെറൈറ്റി സാരി മറ്റൊരാൾക്ക് ഉണ്ടെങ്കിൽ അത് ഉടുക്കാൻ ചോദിക്കാം. സാരിയുടമ കൊറിയറായി അയച്ചുനൽകും. എന്നാൽ ഗ്രൂപ്പിനകത്ത് സാരി വിൽപ്പന പാടില്ല. സാരി ഇഷ്ടപ്പെട്ടാൽ വാങ്ങിയ സ്ഥലം പേഴ്സണലായി ചോദിക്കാം.
താങ്ങാവും നെയ്ത്തുകാർക്ക്
സാരി ഇൻ സ്റ്റൈൽ ഗ്രൂപ്പിലെ വിവിധ സംസ്ഥാനക്കാർ അവിടങ്ങളിലെ ട്രൈബൽ വിഭാഗങ്ങളടക്കം തയ്യാറാക്കുന്ന സാരികളുടുത്ത് ചിത്രം പോസ്റ്റ് ചെയ്യാറുണ്ട്. ഇതോടെ ഈ സാരികൾ അന്വേഷിച്ച് ആളുകളെത്തും. മൈസൂർ പാലസിലേക്ക് വസ്ത്രങ്ങൾ നെയ്തിരുന്ന കൊടിയാലയിലെ പാരമ്പര്യ നെയ്ത്തുകാരുടെ അവസ്ഥ ദയനീയമാണ്. ഗ്രൂപ്പംഗങ്ങൾ അവിടെയെത്തി സാരികൾ വലിയതോതിൽ വാങ്ങിയിരുന്നു. പ്രളയകാലത്ത് ചേന്ദമംഗലം വീവേഴ്സിന്റെ അടുത്ത് ആദ്യമെത്തിയതും സാരി ഇൻ സ്റ്റൈൽ ഗ്രൂപ്പംഗങ്ങളാണ്.
"സാരിയെയും അതുവഴി നമ്മുടെ സംസ്കാരത്തെയും സംരക്ഷിക്കണം,നാളെ കിമോണോയുടെ ഗതി സാരിയ്ക്ക് വരരുത്." സാരി പോലെ നീളുന്ന വിശേഷങ്ങൾ ജസീന പറഞ്ഞുവയ്ക്കുന്നു.
ജസീനയുടെ ഫോൺ- 8129355800