ks-hamsa

മലപ്പുറം: മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച സംസ്ഥാന സെക്രട്ടറി കെ.എസ്. ഹംസയെ, അച്ചടക്കലംഘനത്തിന് പാർട്ടി പദവികളിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. ലീഗ് മുഖപത്രമായ ചന്ദ്രികയിൽ നൽകിയ വാർത്താക്കുറിപ്പിലൂടെയാണ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ സസ്‌പെൻഷൻ വിവരം അറിയിച്ചത്. കുഞ്ഞാലിക്കുട്ടി ഏത് മുന്നണിയിലാണ് പ്രവർത്തിക്കുന്നതെന്ന് സംശയമുണ്ട്, പ്രതിപക്ഷത്തിന്റെ കടമ അദ്ദേഹം നിർവഹിക്കുന്നില്ല എന്നിങ്ങനെയായിരുന്നു കൊച്ചിയിൽ നടന്ന യോഗത്തിൽ ഹംസയുടെ വിമർശനം. തുടർന്ന് യോഗത്തിൽ തർക്കമുണ്ടായി. യോഗം അവസാനിക്കും മുമ്പ് സാദിഖലി തങ്ങൾ ഹംസയെയും കുഞ്ഞാലിക്കുട്ടിയെയും ഹസ്തദാനം ചെയ്യിപ്പിച്ചു. ജനാധിപത്യപരമായ വിമർശനങ്ങൾ അംഗീകരിക്കുന്ന പാർട്ടിയാണ് ലീഗെന്നും അത് അതിരുവിടരുതെന്നും സാദിഖലി തങ്ങൾ യോഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ തർക്കം മാദ്ധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്നാണ് ഹംസയ്ക്കെതിരെ നടപടിയെടുത്തത്.

ലീഗ് എങ്ങനെ ഏകാധിപത്യ പാർട്ടിയായി : കെ.ടി. ജലീൽ

ജനാധിപത്യ പാർട്ടിയായ ലീഗ് മണിക്കൂറുകൾക്കുള്ളിൽ എങ്ങനെയാണ് ഏകാധിപത്യ പാർട്ടിയായതെന്ന് കെ.ടി. ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. ലീഗ് ജനാധിപത്യ പാർട്ടിയാണെന്നും അഭിപ്രായങ്ങൾ പാർട്ടി ഫോറങ്ങളിൽ തുറന്നു പറയുമെന്നും പറഞ്ഞിരുന്ന ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പി.എം.എ. സലാമിന്റെ പ്രതികരണം പങ്കുവച്ചാണ് ജലീലിന്റെ പോസ്റ്റ്. ഇനിയും കളിയെത്ര കാണാനിരിക്കുന്നുവെന്നും ജലീൽ കുറിച്ചു.