crime

മലപ്പുറം: ന്യൂ ജനറേഷൻ ലഹരി ഉത്പന്നങ്ങൾക്ക് യുവാക്കൾ അടിമയാവുന്ന പ്രവണത വർദ്ധിക്കുന്നു. ലഹരി ഉത്പന്നങ്ങൾ വളരെ സുലഭമായി ലഭിക്കുന്നതാണ് കാരണം. എം.ഡി.എയും ഹാഷിഷുമെല്ലാം ചെറിയ പെട്ടിക്കടകളിൽ പോലും ലഭ്യമാവുന്ന സാഹചര്യവുമുണ്ട്. യുവാക്കൾക്ക് കൂടുതൽ പ്രിയം കഞ്ചാവിനോടാണെന്നാണ് നാർക്കോട്ടിക് സെല്ലിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. വാണിജ്യാടിസ്ഥാനത്തിലും ഉപയോഗിക്കാനുമായി കഞ്ചാവ് കൈവശം വെച്ച നിരവധി കേസുകളാണ് നാർക്കോട്ടിക് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ലഹരി ഉപയോഗിക്കുന്നതും വിൽപ്പന നടത്തുന്നതുമായി ഓരോ മാസവും നൂറിൽ കൂടുതൽ കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്യുന്നതെന്നും അധികൃതർ പറയുന്നു. കൂടുതലായി രജിസ്റ്റർ ചെയ്യുന്നത് കഞ്ചാവ് ഉപയോഗിക്കുന്നതും വിൽപ്പന നടത്തുന്നതുമായ കേസുകളാണ്. സ്കൂളുകളിലും കോളേജുകളിലും പെൺകുട്ടികളെയടക്കം ലഹരിക്ക് ഇരയാക്കുന്ന വലിയ സംഘങ്ങളും ജില്ലയിലുണ്ട്. സ്കൂളുകളിൽ എസ്.പിസി,​ എൻ.സി.സി എന്നിവയുടെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിലൂടെ ലഹരി ഉപയോഗിക്കുന്നവരെ സ്വകാര്യമായി കണ്ടെത്താനും ബോധവത്കരണം നടത്താനും സാധിക്കുന്നുണ്ട്.

കൂടുതലും 22 വയസിന് മുകളിലുള്ളവർ

കഴിഞ്ഞ മൂന്ന് മാസമായി നാർക്കോട്ടിക് ഉദ്യോഗസ്ഥർ രജിസ്റ്റർ ചെയ്ത കേസുകളിൽ കൂടുതലും 22 വയസിന് മുകളിലുള്ളവരാണ് ഇരകൾ. കൗമാരക്കാർ ഉൾപ്പെടുന്ന കേസുകൾ ചെറിയ അളവിലെങ്കിലും കുറഞ്ഞിട്ടുണ്ട്. എങ്കിലും മാഫിയകളെ പിടികൂടിയാൽ മാത്രമേ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും കുറവ് വരികയുള്ളു. ആദ്യം ഉപയോഗിക്കാൻ നൽകിയും പിന്നീട് പോക്കറ്റ് മണി നൽകി കൂട്ടികളെ ഏജന്റുമാരാക്കുന്നതുമാണ് മാഫിയകൾ ചെയ്യുന്നത്. ഇതിനെതിരെ കുട്ടികളെ ബോധവത്കരിക്കാൻ രക്ഷിതാക്കളടക്കം തയ്യാറാവണം. വീട്ടിൽ കുട്ടികളുടെ പെരുമാറ്റത്തിലും സ്വഭാവത്തിലും വരുന്ന മാറ്റങ്ങളടക്കം പരിശോധിക്കണം. എങ്കിൽ മാത്രമേ മാഫിയകളുടെ കൈകളിൽ അകപ്പെടാതെ കൗമാരക്കാരെയടക്കം സംരക്ഷിക്കാനാവു.

പ്രതികൾ ഊരിപ്പോരും

കുറഞ്ഞ അളവിൽ ലഹരി ഉത്പന്നങ്ങൾ കൈവശം വയ്ക്കുന്നതിൽ സ്റ്റേഷൻ ജാമ്യത്തിൽ ഊരിപോരാമെന്നത് വലിയ ഭീഷണി ഉയർത്തുന്നുണ്ട്. വലിയ ശിക്ഷയൊന്നും ലഭിക്കാതെ കേസിൽ നിന്ന് ഊരാനാവുന്നത് വീണ്ടും ലഹരിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേയ്ക്ക് നയിക്കും. എന്നാൽ ഒരു കിലോയിലധികം കൈവശം വച്ചാൽ അഴിയെണ്ണാനുള്ള വകുപ്പുമുണ്ട്. എം.ഡി.എം.എ, ഹാഷിഷ്, ബ്രൗൺ ഷുഗർ പോലെയുള്ളവ കുറഞ്ഞ അളവിൽ കൈവശം വയ്ക്കുന്നതാണ് കൂടുതലും പിടിക്കപ്പെടാറുള്ളത്.

മൂന്ന് മാസത്തിൽ രജിസ്റ്റർ‌ ചെയ്തത് - 515 കേസുകൾ

ഏപ്രിൽ

എം.ഡി.എം.എ - 880 ഗ്രാം

കഞ്ചാവ് - 3.9 കിലോഗ്രാം

ബ്രൗൺ ഷുഗർ - 451 ഗ്രാം

ഹാഷിഷ് - 2 ഗ്രാം

ആകെ കേസുകൾ 107

മേയ്

കഞ്ചാവ് - 16.5 കിലോ

എം.ഡി.എം.എ - 192 ഗ്രാം

ഹാഷിഷ് - 1 കിലോഗ്രാം

ആകെ കേസുകൾ - 221

ജൂൺ

എം.ഡി.എം.എ - 9 ഗ്രാം

കഞ്ചാവ് - 5.300 കിലോഗ്രാം

ആകെ കേസുകൾ - 187