plane

മലപ്പുറം: ഗൾഫിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാർ കുറഞ്ഞതോടെ ടിക്കറ്റ് നിരക്ക് കുറച്ച് വിമാന കമ്പനികൾ. ആഗസ്റ്റ് ആദ്യവാരം മുതൽ സാധാരണ നിരക്കിലേക്ക് എത്തും. ഗൾഫിലെ സ്കൂളുകൾ മദ്ധ്യവേനൽ അവധിക്ക് അടച്ചതും ബലിപെരുന്നാളും അവസരമാക്കി കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് വിമാന കമ്പനികൾ നാലിരട്ടിയിലധികം വർദ്ധിപ്പിച്ചിരുന്നു. ജൂലായിലെ ആദ്യ രണ്ട് ആഴ്ചകളിലായിരുന്നു ഏറ്റവും കൂടിയ നിരക്ക് ഈടാക്കിയിരുന്നത്. ഇതോടെ സാധാരണക്കാർക്ക് നാട്ടിലേക്കുള്ള യാത്ര തന്നെ ഉപേക്ഷിക്കേണ്ടി വന്നു. ജൂലായ് ഒന്നിന് അടച്ച സ്കൂളുകൾ ആഗസ്റ്റ് അവസാനം തുറക്കുമെന്നതിനാൽ മിക്ക പ്രവാസി കുടുംബങ്ങളും ഇതിനകം തന്നെ നാട്ടിലെത്തിയിട്ടുണ്ട്.

ആരോട് പറയാൻ

ജൂലായിൽ ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് ശരാശരി 35,​000 രൂപയായിരുന്നു എയർഇന്ത്യ എക്സ്പ്രസിലെ നിരക്ക്. എന്നാൽ ഇതേ റൂട്ടിൽ ആഗസ്റ്റിൽ 13,​400 രൂപ നൽകിയാൽ മതി. അബൂദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് 40,000 രൂപ ഈടാക്കിയിരുന്ന സ്ഥാനത്ത് ആഗസ്റ്റിൽ 10,​850 രൂപ മതി. ബഹറൈൻ,​ കുവൈത്ത്,​ ദമാം,​ മസ്ക്കറ്റ്,​ ജിദ്ദ റൂട്ടുകളിലെല്ലാം സമാനമായ കുറവുണ്ട്. സീസൺ ലക്ഷ്യമിട്ട് വിമാന കമ്പനികൾ നടത്തുന്ന കൊള്ള അവസാനിപ്പിക്കാൻ ഇടപെടണമെന്ന ആവശ്യവുമായി പ്രവാസി സംഘടനകൾ പലതവണ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകിയെങ്കിലും യാതൊരു ഇടപെടലുകളും ഉണ്ടായിട്ടില്ല. ഉയർന്ന ടിക്കറ്റ് നിരക്ക് സഹിക്കുകയല്ലാതെ നിവൃത്തിയില്ല.

ആഗസ്റ്റ് ആദ്യവാരത്തിലെ നിരക്ക്

ബഹറൈൻ - കോഴിക്കോട്: 22,000

കുവൈത്ത് - കോഴിക്കോട്: 17,​000

ദമാം - കോഴിക്കോട്: 13,​000

മസ്ക്കറ്റ് - കോഴിക്കോട്: 9,​900

ജിദ്ദ - കോഴിക്കോട്: 17,​600

ദോഹ - കോഴിക്കോട്: 17,​000

ജൂലായിലെ ആദ്യ ആഴ്ച ഈടാക്കിയ നിരക്ക്

ബഹറൈൻ - കോഴിക്കോട് : 44,​000

കുവൈത്ത് - കോഴിക്കോട്: 31,​000

ദമാം - കോഴിക്കോട്: 38,​000

മസ്ക്കറ്റ് - കോഴിക്കോട്: 35,000

ജിദ്ദ - കോഴിക്കോട്: 31,000

ദോഹ - കോഴിക്കോട്: 40,​000