മലപ്പുറം: ജുമൈലയുടെ പറന്നുയരലിന്റെ കഥ ആവേശമുണർത്തുന്ന പാഠമാണ്. വീഴ്ചയിൽ നട്ടെല്ലിനേറ്റ ക്ഷതംമൂലം ഏഴ് വർഷമാണ് ജുമൈല ബാനു അനങ്ങാനാവാതെ കിടപ്പിലായത്. പിന്നെയും മൂന്നു വർഷമെടുത്തു നടക്കാൻ. ചികിത്സയ്ക്കായി വീടും സ്ഥലവുമെല്ലാം വിറ്റു. എല്ലാം നഷ്ടപ്പെട്ടിടത്തുനിന്നു ജീവിതം കൃഷിയിലൂടെ തിരിച്ചുപിടിച്ച ജുമൈല ഇന്ന് യൂറോപ്പിലേക്ക് കൂവയും മഞ്ഞളും കയറ്റി അയയ്ക്കുന്ന ഭക്ഷ്യ സംരംഭകയാണ്. ലക്ഷങ്ങളുടെ വരുമാനമാണ് ഇപ്പോഴുള്ളത്.
2003ലാണ് കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശി ജുമൈല വീടിന്റെ ടെറസിൽനിന്നുവീണ് കിടപ്പിലായത്. ഇലക്ട്രോണിക് എൻജിനിയറിംഗ് ഡിപ്ലോമയുള്ള ജുമൈല ആ വേദനയിലും നടക്കാനാവുമ്പോൾ സ്വന്തമായി സംരംഭം തുടങ്ങണമെന്ന് മനസിൽ ഉറപ്പിച്ചിരുന്നു. ചികിത്സയ്ക്കായി സകലതും വിറ്റതിനാൽ മൂലധനം വില്ലനായി. തറവാട്ടിൽ വെള്ളക്കൂവ കൃഷിയുണ്ട്. കാര്യമായ മുതൽമുടക്ക് ആവശ്യമില്ലാത്തതിനാൽ രണ്ടര ഏക്കർ പാട്ടത്തിനെടുത്ത് കൃഷിയിറക്കി. നട്ടതിൽ നല്ലൊരു പങ്കും മുളച്ചില്ല. മൂന്നു ലക്ഷം രൂപ നഷ്ടം. പിഴവുകൾ പഠിച്ച് രണ്ടാമൂഴത്തിനിറങ്ങിയ ജുമൈലയ്ക്കൊപ്പം പ്രവാസിയായ ഭർത്താവ് മുസ്തഫ തണലായി നിന്നു. അഞ്ചേക്കറിൽ അഞ്ചു ലക്ഷം രൂപ മുടക്കി കൃഷിയിറക്കിയപ്പോൾ ഏഴു ലക്ഷം ലാഭം. കൂവപ്പൊടി വിപണിയിലിറക്കുന്ന സുഹൃത്ത് കിഴങ്ങ് വാങ്ങാമെന്ന് ഉറപ്പേകിയിരുന്നു. പിന്നാലെ ഡൽഹിയിലുള്ള കയറ്റുമതി ഏജൻസിയുമെത്തി. 40കാരിയായ ജുമൈലയ്ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ന് 15 ഏക്കറിൽ കൂവയും 40 ഏക്കറിൽ മഞ്ഞളും കൃഷി ചെയ്യുന്നു. 10 വർഷത്തേക്ക് മഞ്ഞളും കൂവപ്പൊടിയും നൽകാമെന്ന് യൂറോപ്യൻ കമ്പനിയുമായി കരാറുണ്ട്. ഈ വർഷം അഞ്ചര ടൺ കൂവപ്പൊടി കയറ്റിയയച്ചു. സ്ഥലം വാങ്ങി വീടു വച്ചു. മകളെ വിദേശത്ത് എം.ബി.ബി.എസിന് പഠിപ്പിച്ചു. നിരവധി പേർക്ക് ജോലി നൽകാനായി.
''വിപണിയറിഞ്ഞ് കൃഷി ചെയ്താൽ നിരാശപ്പെടേണ്ടി വരില്ല.
-ജുമൈല ബാനു
കലർപ്പില്ലാത്ത വിജയം
ജൈവ കൃഷിയിലെ ശ്രദ്ധയാണ് വിദേശവിപണിയിൽ ജുമൈലയുടെ ഭക്ഷ്യവസ്തുക്കളുടെ സ്വീകാര്യത വർദ്ധിപ്പിച്ചത്. രാസവളം ഒഴിവാക്കിയാണ് കൃഷി. ആഭ്യന്തര വിപണിയിൽ ഒരു കിലോ കൂവപ്പൊടിക്ക് 800 രൂപയെങ്കിൽ വിദേശവിപണിയിൽ 1,300 രൂപ ലഭിക്കും. മഞ്ഞളിന് 90 രൂപയെന്നത് 200 രൂപയും. അശ്വഗന്ധ വേണമെന്ന യൂറോപ്യൻ കമ്പനിയുടെ ആവശ്യത്തെ തുടർന്ന് 62 ഏക്കർ പാട്ടത്തിനെടുത്ത് കൃഷിയിറക്കാൻ ഒരുങ്ങുകയാണ്.