മലപ്പുറം: പൊന്മുണ്ടത്ത് ആൾതാമസമില്ലാത്ത വീട്ടിൽ നിന്ന് 26 ചാക്ക് റേഷൻ ധാന്യം പിടിച്ചെടുത്തു. പൊതുവിതരണ ഉപഭോക്തൃകാര്യ വിജിലൻസ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ സപ്ലൈ ഓഫീസർ എൽ. മിനിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച 14 ചാക്ക് കുത്തരി, അഞ്ച് ചാക്ക് പച്ചരി, ഏഴ് ചാക്ക് ഗോതമ്പ് എന്നിവ പിടിച്ചെടുത്തത്.
കരിഞ്ചന്തയിലേക്ക് റീബാഗ് ചെയ്ത് കടത്താനുദ്ദേശിച്ച് സൂക്ഷിച്ചിരുന്ന കാലിച്ചാക്കുകളും റേഷൻ ധാന്യങ്ങൾ തൂക്കുവാൻ ഉപയോഗിച്ചിരുന്ന ത്രാസും പിടിച്ചെടുത്തിട്ടുണ്ട്. ഇവ പിന്നീട് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി കടുങ്ങാത്തുകുണ്ട് എൻ.എഫ്.എസ്.എ ഡിപ്പോയിൽ ഏൽപ്പിച്ചു. അടുത്തുള്ള കടകളിലും പരിശോധന നടത്തി. റേഷൻ ധാന്യങ്ങൾ കരിഞ്ചന്തയിലേക്ക് വിൽപ്പന നടത്തുന്നത് തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഇതു സംബന്ധിച്ച പരാതികൾ അതത് താലൂക്ക് സപ്ലൈ ഓഫീസുകളിലോ ജില്ലാ സപ്ലൈ ഓഫീസിലോ അറിയിക്കാം. പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർമാരായ എ.ടി. ഷാജി, ടി. ഷീജ, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ടി.എ. രജീഷ് കുമാർ, എസ്. സതീഷ്, എ. സുൽഫിക്കർ, വി.പി. ഷാജുദ്ദീൻ, എ. ഹരി പങ്കെടുത്തു.