തേഞ്ഞിപ്പലം: ദേശീയപാത സ്പിന്നിംഗ് മിൽ ടൗണിന് സമീപം സ്വകാര്യ സ്ഥാപന വളപ്പിൽ ഏറെ ഉയരത്തിൽ കൂട്ടിയിട്ട ചെമ്മണ്ണ് കൂമ്പാരം വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഭീഷണിയാകുന്നതായി ആക്ഷേപം. പഴയ സ്പിന്നിംഗ് മിൽ നിന്ന സ്ഥലത്ത് പുതുതായി സ്ഥാപിച്ച കെട്ടിടത്തിന്റെ നിർമ്മാണത്തിനായി കുന്ന് നിരപ്പാക്കുന്നതുമായി ബന്ധപ്പെട്ട് എടുത്തുമാറ്റിയ ടൺ കണക്കിന് ചെമ്മണ്ണാണ് ദേശീയപാതക്കരികിൽ ഇരുപത് അടിയിലേറെ ഉയരത്തിലുള്ള ഭാഗത്ത് കൂട്ടിയിട്ടിരിക്കുന്നത്.

മഴകനത്താൽ വലിയ അപകടത്തിന് വഴിവയ്ക്കുന്ന വിധത്തിലാണ് റോഡിനോട് ചേർന്ന് ചെമ്മണ്ണ് കൂമ്പാരമുള്ളത്. അപകട ഭീഷണിയായ ചെമ്മണ്ണ് കൂമ്പാരം നീക്കം ചെയ്തും റോഡോരത്തെ സംരക്ഷണ ഭിത്തി ബലക്ഷയമുള്ള ഭാഗങ്ങളിൽ പുനരുദ്ധാരണം നടത്തിയും സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

കുന്നിടിഞ്ഞ് വീണത് ഒരോർമ്മ

കഴിഞ്ഞവർഷം ഇവിടെ നിന്നും അൻപത് മീറ്ററോളം മാറി മുപ്പത് മീറ്റർ ഉയരത്തിൽ നിന്നും കുന്നിടിഞ്ഞ് വീണ് പാതയോരത്ത് നിർമ്മാണം നടക്കുന്ന കെട്ടിടം തകർന്നിരുന്നു. കൂറ്റൻ പാറക്കല്ലുകൾ ഉൾപ്പെടെ ഇടിഞ്ഞു വീണാണ് അപകടം ഉണ്ടായത്. നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ തകർന്നു വീണ കോൺക്രീറ്റ് തൂണുകളിൽ തട്ടിനിന്നതിനാലാണ് പാറക്കല്ലുകളും മണ്ണും റോഡിലേക്കെത്താതെ അന്ന് ദുരന്തം ഒഴിവായത്.

വിഷയം ഗ്രാമ പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മണ്ണ് നീക്കം ചെയ്യാൻ സ്ഥാപന അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

- ഗ്രാമ പഞ്ചായത്ത് അധികൃതർ